
കൊച്ചി നഗരത്തിന്റെ ശാപമായിരുന്ന ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ളാന്റ് സംസ്ഥാനത്തിനാകെ മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണെന്ന വാർത്ത ആഹ്ളാദകരമാണ്. കഴിഞ്ഞ വർഷം അവിടെയുണ്ടായ തീപിടിത്തം രണ്ടാഴ്ചക്കാലം തുടർച്ചയായി നഗരവാസികളെ ശ്വാസം മുട്ടിച്ചു. ആ ദിവസങ്ങളിൽ പലരും അവിടെ നിന്ന് താമസം മാറ്റാൻ പോലും നിർബന്ധിതരായി. വർഷങ്ങളായി കെട്ടിക്കിടന്നിരുന്ന മാലിന്യമലകൾക്കു തീപിടിച്ചാൽ ഉണ്ടാകാവുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ഒട്ടും ചെറുതാകില്ല. ബ്രഹ്മപുരം അങ്ങനെ തിരുവനന്തപുരത്തെ വിളപ്പിൽശാലയെയും കവച്ചുവയ്ക്കുന്ന രീതിയിൽ ജനങ്ങൾക്കു ശാപമായി മാറി. 2023-ലെ തീപിടിത്തം ബ്രഹ്മപുരത്തെ വീണ്ടെടുക്കാൻ നിമിത്തമായെന്നതാണ് പ്രശംസാർഹമായ കാര്യം. സർക്കാരും കൊച്ചി കോർപ്പറേഷനും ചേർന്ന് ബ്രഹ്മപുരത്തെ നഗരത്തിന്റെ ഭാഗമായിത്തന്നെ വീണ്ടെടുത്തുകൊണ്ടിരിക്കുകയാണിപ്പോൾ. 110 ഏക്കറിൽ വ്യാപിച്ചുകിടന്ന ബ്രഹ്മപുരത്ത് മാലിന്യത്തിന്റെ അസഹനീയമായ ദുർഗന്ധമില്ല. തീപിടിത്തമുണ്ടായപ്പോൾ അവിടെ പത്തരലക്ഷം ഘനമീറ്റർ മാലിന്യമാണ് കെട്ടിക്കിടന്നിരുന്നത്. ഇതിൽ പകുതിയിൽ താഴെ മാലിന്യം സംസ്കരിച്ചുകഴിഞ്ഞു.
മാലിന്യങ്ങൾ തരം തിരിച്ചു സംസ്കരിക്കാനുള്ള സംവിധാനങ്ങളുണ്ട്. പ്ളാസ്റ്റിക് മാലിന്യത്തിന് പരിപൂർണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കംപ്രസ്‌ഡ് ബയോഗ്യാസ് പ്ളാന്റ് മാർച്ചിൽ പൂർത്തിയാകുന്നതോടെ ഗ്യാസും ജൈവവളവും ഉത്‌പാദിപ്പിക്കാനാകും. നല്ലതോതിൽ വരുമാനവും ലഭിക്കും. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങുന്നതോടെ നഗരസഭയ്ക്കും സർക്കാരിനും വലിയ നിലയിൽ ആശ്വസിക്കാനാകും.
വിളപ്പിൽശാലയിലെ മാലിന്യസംസ്‌കരണം കെടുകാര്യസ്ഥതയിൽ അടച്ചുപൂട്ടേണ്ടിവരികയായിരുന്നു. അതിവിശാലമായ വിളപ്പിൽശാലയിൽ നഗരമാലിന്യങ്ങൾ കൊണ്ടുചെന്ന് കൂട്ടിയിട്ടതല്ലാതെ സംസ്‌കരണത്തിന് വിശാലമായ ഏർപ്പാടുകളുണ്ടായിരുന്നില്ല. മാലിന്യത്തിൽ നിന്ന് ഒലിച്ചിറങ്ങിയ അഴുക്കും ക്ഷുദ്രജീവികളും കൊണ്ട് സമീപവാസികൾ പൊറുതിമുട്ടിയപ്പോഴാണ് നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങിയത്. ഒടുവിൽ പ്രശ്നം സുപ്രീംകോടതി വരെ എത്തി.
നാട്ടുകാർക്കു ദോഷമുണ്ടാകാത്ത തരത്തിൽ ആധുനിക സംസ്‌കരണ പ്ളാന്റുകൾ സ്ഥാപിച്ച് കുറ്റമറ്റ നിലയിൽ പ്രവർത്തിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയാൽ സംസ്ഥാനത്തെ എല്ലാ നഗരങ്ങളെയും മാലിന്യഭീഷണിയിൽ നിന്നു വീണ്ടെടുക്കാനാകും. ജനങ്ങളുടെ എതിർപ്പാണ് പ്ളാന്റ് സ്ഥാപിക്കാൻ കഴിയാത്തതെന്നത് കേവലം ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഉത്തരവാദിത്വ ബോധവും ആർജ്ജവവുമുണ്ടെങ്കിൽ ഇതൊക്കെ അത്ര വലിയ പ്രശ്നമൊന്നുമല്ല.
ഇന്ത്യയിൽ മദ്ധ്യപ്രദേശിലെ ഇൻഡോറിലെ മാലിന്യസംസ്കരണ കേന്ദ്രങ്ങൾ രാജ്യത്തിനാകെ മാതൃകയാണിപ്പോൾ. വിജനപ്രദേശത്തൊന്നുമല്ല അവിടെ അവ പ്രവർത്തിക്കുന്നത്. നഗരവാസികൾക്ക് ഒരുവിധ അലോസരവും ഉണ്ടാകാത്തവിധം ആധുനികമാണ് പ്ളാന്റുകൾ. പ്ളാന്റിനടുത്തുള്ള വീട്ടുകാർക്ക് സൗജന്യമായി പാചകവാതകം നൽകുന്നതിനാൽ പൂർണമായും ജനങ്ങളുടെ പിന്തുണ നേടാനായി. പ്ളാന്റിലേക്കുള്ള ദൂരമനുസരിച്ചാണ് വീട്ടുകാർ യൂസർ ഫീ നൽകേണ്ടത്.
കേരളത്തിലെ എല്ലാ പട്ടണങ്ങളിലും കേന്ദ്രീകൃത സംസ്‌കരണ പ്ളാന്റുകൾ സാദ്ധ്യമാകണമെന്നില്ല. പറ്റുന്ന ഇടങ്ങളിൽ അങ്ങനെയാവാം. അല്ലാത്ത ഇടങ്ങളിൽ വികേന്ദ്രീകൃത രീതിയിൽ അതു നടപ്പാക്കാനാകും. വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണിതൊക്കെ. ഇനിയും ഉപേക്ഷ കാണിക്കാതെ നഗരസഭകളും സർക്കാരും യോജിച്ച് ഇറങ്ങിയാൽ വലിയ പ്രയാസം കൂടാതെ നടപ്പാക്കാൻ കഴിയുന്ന ദൗത്യമാണിത്. കുറച്ചുനാൾ മുൻപ് തിരുവനന്തപുരത്ത് മാലിന്യ കനാലിൽ വീണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത് കേരളത്തെ നടുക്കിയ സംഭവമായിരുന്നു. തുടർന്ന് നഗരസഭ മാലിന്യ സംഭരണത്തിന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ബഹളമൊന്ന് അടങ്ങിയപ്പോൾ എല്ലാം പഴയ പടിയായി. നഗരത്തിലെ കാനകളിലും തുറസ്സായ സ്ഥലങ്ങളിലുമെല്ലാം വീണ്ടും മാലിന്യങ്ങളാൽ നിറഞ്ഞു കവിയുകയാണ്. ശാസ്ത്രീയമായ മാലിന്യ സംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കുകയും മാലിന്യ സംഭരണത്തിന് ഫലപ്രദമായ സംവിധാനം കൂടി ഒരുക്കുകയും ചെയ്താൽ ഈ ഭീഷണിയിൽ നിന്ന് ശാശ്വതമായ മോചനമുണ്ടാകും. അതിനുള്ള മാർഗങ്ങൾ സമയം കളയാതെ നോക്കുകയാണ് നഗരസഭകൾ ഇനി ചെയ്യേണ്ടത്. ബ്രഹ്മപുരത്തെ മാറ്റങ്ങൾ എല്ലാ നഗരസഭകൾക്കും മാതൃയാക്കാവുന്നതുമാണ്.