
'കോളേജ് പിള്ളേരുടെ പൾസറിഞ്ഞ് എടുത്ത പടങ്ങളായിരുന്നു ക്ലാസ്‌മേറ്റ്സും നിറവും കസ്തൂരിമാനുമൊക്കെ...കുഞ്ചാക്കോ ബോബൻ ക്രഷായി മാറിയ,'മീരാ ജാസ്മിൻ നിന്റെ ഏട്ടത്തിയമ്മയായി വരുന്നതിൽ വിരോധമുണ്ടോയെന്ന്' അനുജന്മാരോട് ചോദിച്ച പിള്ളേർ ഉണ്ടായിരുന്ന കാലം. ആനന്ദം,പൂമരം,പ്രേമം പോലുള്ള സിനിമകളായിരുന്നു ഒരുകാലത്ത് ക്യാമ്പസുകളിലെ ചർച്ചാവിശേഷം. ഇന്നത്തെ കോളേജ് പിള്ളേർ ഇത് വല്ലതും അനുഭവിക്കുന്നുണ്ടോ..? സിനിമയും സാഹിത്യവുമൊക്കെ ചർച്ചചെയ്യാൻ പിള്ളേർക്കെവിടുന്നാ നേരം..'? ഇതിനു വ്യക്തമായ ഉത്തരമുണ്ട് തിരുവനന്തപുരം വഴുതക്കാട് ഗവ. വിമെൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക്.
'ഹേയ്,ആരു പറഞ്ഞു ഞങ്ങൾ സിനിമ ചർച്ച ചെയ്യുന്നില്ലെന്ന്?സിനിമയും സിനിമയ്ക്കുള്ളിലെ പ്രശ്നങ്ങളും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ഹേമാ കമ്മിറ്റി റിപ്പോർട്ട്,കടലാസിലൊതുങ്ങരുതെന്നാണ് ഞങ്ങളുടെ അഭിപ്രായം. സിനിമയെക്കുറിച്ച് മാത്രമല്ല,സമൂഹത്തിലെ ഓരോ പ്രശ്നത്തെക്കുറിച്ചും ഞങ്ങൾക്ക് വ്യക്തമായ നിലപാടുണ്ട്...'ഉത്തരം പറഞ്ഞത് രണ്ടാംവർഷ സുവോളജി വിദ്യാർത്ഥി സനുഷയാണ്. അവനവനിലേക്ക് ഒതുങ്ങുന്നവരാണ് ഇപ്പോഴത്തെ വിദ്യാർത്ഥികളെന്ന് ആക്ഷേപമുയരുന്നകാലത്ത് 'പുതിയ തലമുറ ചിന്തിക്കുന്ന തലമുറയാണെന്ന്' അടിവരയിടുകയാണ് വിമെൻസിലെ പിള്ളേർ. അവരുടെ ഭാഷയിൽ പറഞ്ഞാൽ..'പിള്ളേർ ചുമ്മാ സീനാണ്...'
മാസ്സാണ് എന്നർത്ഥം.
നോ ബോയ്സ്,
ഒൺലി വൈബ്
'ഇവിടെ പരിപാടികൾക്ക് കർട്ടൺ വലിച്ചുകെട്ടുന്നത് മുതൽ സ്പോൺസറെ പിടിക്കുന്നതു വരെ ഞങ്ങളാണ്. ആൺകുട്ടികൾക്ക് മാത്രമേ ഇതൊക്കെ ചെയ്യാൻ പറ്റൂവെന്ന് പറയുന്നത് വെറുതേയാണ്.'പി.ജി ഒന്നാംവർഷ ഇംഗ്ലീഷ് വിദ്യാർത്ഥി ഫിദ.'പറയുന്നു. ചോക്ലേറ്റ് സിനിമയിലെപ്പോലെ ഒരു ആൺകുട്ടി ഇങ്ങോട്ട് വരണമോ എന്ന ചോദ്യത്തിന് 'എന്തിന് ഇവിടെ ഞങ്ങൾ ഹാപ്പിയാണ്.ഫുൾ ഫ്രീഡമാണ്...എന്ന് രണ്ടാംവർഷ സുവോളജിയിലെ നന്ദന ഉത്തരം നൽകി.
സ്നാപ്പാണ് താരം
ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ കുറവാണ്. ഇൻസ്റ്റഗ്രാമും സ്നാപ്ചാറ്റുമാണ് താരങ്ങൾ. റീൽസും യൂടൂബ് വീഡിയോയും എടുക്കുമ്പോൾ മറ്റുള്ളവർ എന്ത് കരുതുമെന്ന ചിന്തയിവർക്കില്ല. അപ്ഡേറ്റഡായി ഇരിക്കാനാണ് സമൂഹമാദ്ധ്യമം ഉപയോഗിക്കുന്നത്. അതിരുവിടുന്നെന്ന് തോന്നിയാൽ സ്വയം നിയന്ത്രിക്കും.
ചേർത്തുപിടിക്കുന്നവർ
ഓരോരുത്തരും വ്യത്യസ്തരാണെന്നും ആരെയും വിലയിരുത്താൻ ആർക്കും അധികാരമില്ലെന്നും ഇവർ പറയുന്നു. എൽ.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിക്കായി കോളേജിൽ ക്വിയർ ക്ലബുണ്ട്. സ്വന്തം ജെൻഡർ ഐഡന്റിറ്റി വെളിപ്പെടുത്തിയ വിദ്യാർത്ഥികളുമുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ ചേർത്തുപിടിക്കുന്നതാണ് വിമെൻസിന്റെ മുഖമുദ്ര. വീൽചെയറിൽ പഠിക്കാനെത്തുന്ന ഒന്നാംവർഷ മലയാളം വിദ്യാർത്ഥിയായ അശ്വതി ഇവിടെ ഹാപ്പിയാണ്. അപ്പൊ,റാഗിംഗ് ചെയ്യുമോ? ശേ, ഇല്ലില്ല..സീനിയേഴ്സ് ഫുൾ കമ്പനിയാണെന്ന്' മൈക്രോബയോളജി ഒന്നാംവർഷ വിദ്യാർത്ഥി അബിന പറയുന്നു. സാമ്പത്തികസ്വാതന്ത്ര്യം നേടുന്നതിനാണ് ഇവർ മുൻഗണന നൽകുന്നത്.ഇതിനിടയ്ക്ക് 'ആരാടാ...എന്ന് ചോദിക്കുന്നവരോട്, ഞാനാടാ..'എന്ന് പറയാനുള്ള ധൈര്യവും ഇവർക്കുണ്ട്.