
തിരുവനന്തപുരം: ലൈഫ് സയൻസ് രംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ബയോ കണക്ട് വ്യവസായ കോൺക്ളേവ് നാളെയും മറ്റന്നാളുമായി തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കും. നാളെ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ളേവ് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷനാകും.
സംസ്ഥാനത്തെ ലൈഫ് സയൻസ് ഗവേഷണ വികസനമേഖലയ്ക്ക് കുതിപ്പു പകരാൻ കോൺക്ളേവ് സഹായകമാവുമെന്ന് മന്ത്രി പി.രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ പ്രതിനിധികൾ പങ്കെടുക്കും. തിരുവനന്തപുരം തോന്നയ്ക്കലിലുള്ള ബയോ 360 ലൈഫ് സയൻസ് പാർക്കിന്റെയും കേരളത്തിൽ ആരംഭിക്കുന്ന മറ്റ് ലൈഫ് സയൻസ് പാർക്കുകളടേയും ഏകോപനത്തിനായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ സബ്സിഡിയറി കമ്പനിയായി രൂപീകരിച്ച കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്കിന്റെ (ക്ലിപ്) നേതൃത്വത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ് , ഭാരത് ബയോടെക് സി.എം.ഡി ഡോ. കൃഷ്ണ എല്ല എന്നിവർ മുഖ്യാതിഥികളായിരിക്കും.
ജർമനിയിലെ ഇൻവെന്റ് ഡയഗ്‌നോസ്റ്റിക്ക സി.ഇ.ഒ പ്രൊഫ. ഹോളിത്, ബ്രിട്ടനിലെ ലാന്റ മെഡിക്കൽ എം.ഡി ജൊവാൻ ലാന്റ, സീഷെം എഫ്. ആർ.എസ്സിയുടെ ഡോ. സാം വൈറ്റ്ഹൗസ്, ബിറാക് എം.ഡി ഡോ. ജിതേന്ദ്രകുമാർ, റിലയൻസ് ലൈഫ് സയൻസസ് പ്രസിഡന്റ് ഡോ. കെ.വി.സുബ്രഹ്മണ്യൻ, ഭാരത് സിറംസ് ആൻഡ് വാക്സിൻസിന്റെ സി.ഒ.ഒ അലോക് ഖെത്രി തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
28ന് രാവിലെ 9.40ന് ദേശീയ ബയോഫാർമ മിഷൻ ഡയറക്ടർ ഡോ. രാജ് കെ.ശിരുമല്ലയും 9.55ന് ഇൻഡ്യൻ സയൻസ്
ആൻഡ് ടെക്‌നോളജി മന്ത്രാലയം മുൻ സെക്രട്ടറി പ്രൊഫ. ടി. രാമസ്വാമിയും സംസാരിക്കും. വൈകിട്ട് 3.30ന് സമാപന സമ്മേളനത്തിൽ മന്ത്രി പി.രാജീവ് പങ്കെടുക്കും. വിവിധ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട സംഘം കോൺക്ലേവിന് മന്നോടിയായി 26ന് തിരുവനന്തപുരത്തെ ലൈഫ് സയൻസസ് പാർക്ക് സന്ദർശിച്ച് വ്യവസായ മന്ത്രിയുമായി ചർച്ച നടത്തും. സ്റ്റാർട്ടപ് മിഷൻ വഴി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്റ്റാർട്ടപ്പുകൾ 28ന് ലൈഫ് സയൻസ് രംഗത്തെ നിക്ഷേപകർക്കു മുന്നിൽ ആശയങ്ങൾ അവതരിപ്പിക്കും.
കോൺക്ലേവിലെ ചർച്ചാവിഷയങ്ങൾ
1. കേരളത്തിലെ ലൈഫ് സയൻസ് വ്യവസായങ്ങൾ
2. ആഗോള ലൈഫ് സയൻസ് പരിതസ്ഥിതി
3. ന്യൂട്രാസ്യൂട്ടിക്കൽസ് ആൻഡ് അഗ്രിഫുഡ്സ്
4. ആരോഗ്യപരിരക്ഷാ ഉപകരണ വ്യവസായത്തിന് അനുയോജ്യമായ അന്തരീക്ഷം വളർത്തിയെടുക്കൽ
5. വാക്സിനുകളും ഫാർമ വ്യവസായവും
6. എ.ഐയും ജനിതകശാസ്ത്രവും