hi

കല്ലറ: ടാറും മെറ്റലും ഇളകിയ മൺപാത,പാറ മുഴുവൻ പൊട്ടിച്ചിതറിയ മദ്യക്കുപ്പികൾ, പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ് വൃത്തിഹീനമായ അന്തരീക്ഷം ... പറഞ്ഞ് വരുന്നത് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കടലുകാണിപ്പാറയുടെ ദുരവസ്ഥയെ കുറിച്ചാണ്. ഓണമാഘോഷിക്കാൻ ഇത്തവണ ഇവിടേക്ക് എത്തിയ സഞ്ചാരികൾ നിരാശരായാണ് മടങ്ങിയത്.സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായ പ്രദേശത്ത് സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഒരു സെക്യൂരിറ്റിയെ പോലും നിയോഗിക്കാൻ അധികൃതർക്കായിട്ടില്ല.

കടലുകാണിപ്പാറയുടെ വികസനത്തിനായ നടപ്പാക്കുമെന്ന് പറഞ്ഞ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ ഇപ്പോൾ കടലാസിലുറങ്ങുകയാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബി.സത്യൻ എം.എൽ.എയായിരുന്നപ്പോഴാണ് രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.രണ്ട് കോടിയോളം രൂപ വികസനത്തിനായി അനുവദിച്ചിരുന്നു. ടൂറിസം വകുപ്പിന്റെ എം പാനൽ ആർക്കിടെക്ടിനെ പ്രോജക്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയതായും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണാനുമതിക്കായി വർക്കിംഗ് ഗ്രൂപ്പിന് മുമ്പായി സമർപ്പിക്കുമെന്നും ആ സാമ്പത്തിക വർഷം പദ്ധതി ആരംഭിക്കുമെന്നുമായിരുന്നു പ്രഖ്യാപനം.തുടർന്ന് നിർമ്മാണോദ്ഘാടനവും നടന്നു. എന്നാൽ വർഷം നാല് കഴിഞ്ഞിട്ടും പദ്ധതി പൂർത്തിയായിട്ടില്ല. ഒന്നാംഘട്ടത്തിൽ ലക്ഷങ്ങൾ മുടക്കി നിരവധി പദ്ധതികൾ നടപ്പിലാക്കിയിരുന്നെങ്കിലും അശാസ്ത്രീയമായ നിർമ്മാണം കാരണം പലതും നശിച്ചെന്നാണ് ആക്ഷേപം.

കടലുകാണിപ്പാറ

സംസ്ഥാനപാതയിൽ കാരേറ്റ് നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിക്കു സമീപം സ്ഥിതിചെയ്യുന്ന കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാതെ നിൽക്കുന്ന ആറ് കൂറ്റൻ പാറകളാണ് കടലുകാണിപ്പാറ. പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രവുമുണ്ട്.ഇവിടെ നിന്നാൽ അറബിക്കടലിനെയും അതിലൂടെയുള്ള കപ്പലുകളെയും കാണാം.

രണ്ടാംഘട്ടം നവീകരണത്തിന്

അനുവദിച്ചത് - 1.87 കോടി

നടപ്പാക്കാനുദ്ദേശിച്ച പദ്ധതികൾ

1) ലൈറ്റിനിംഗ്

2) ലാൻഡ്സ്കേപ്പിംഗ്

3) കുടിവെള്ള ലഭ്യത

4) ഇരിപ്പിടങ്ങൾ

6) സി.സി.ടി.വി

7) ചിൽഡ്രൻസ് പാർക്ക്

8) സംരക്ഷണ വേലി

9) പൂന്തോട്ടം


ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലായിരുന്നു നിർമ്മാണപ്രവർത്തനം