
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായത് സംബന്ധിച്ച എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ട് മന്ത്രിസഭയിൽ വയ്ക്കണമെന്നും തുടരന്വേഷണം അടക്കം മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നും മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ ആവശ്യപ്പെട്ടു. പാർട്ടി തീരുമാനപ്രകാരമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും റിപ്പോർട്ട് പരിശോധിച്ച ശേഷമേ പാർട്ടിക്ക് ഔദ്യോഗിക നിലപാടെടുക്കാനാവൂ എന്നും റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കി.
ഡി.ജി.പിയുടെ ശുപാർശയോടെ റിപ്പോർട്ട് ചൊവ്വാഴ്ച തനിക്ക് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നടപടിക്രമം പാലിച്ച്, റിപ്പോർട്ട് ആഭ്യന്തര അഡി.ചീഫ് സെക്രട്ടറിയുടെ പരിശോധനയ്ക്ക് അയച്ചു. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ കൂടി പരിശോധിച്ച് തുടർ തീരുമാനം അറിയിക്കാം. തുടരന്വേഷണം ആവശ്യമാണെങ്കിൽ അതും നടത്താം. അടുത്ത മന്ത്രിസഭാ യോഗത്തിൽ അന്വേഷണ റിപ്പോർട്ട് വയ്ക്കുന്നത് പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂർപൂരം കലക്കിയതിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ തന്നെ അന്വേഷിച്ചതിലെ വൈരുദ്ധ്യവും സി.പി.ഐ മന്ത്രിമാർ ചൂണ്ടിക്കാട്ടി. എ.ഡി.ജി.പിയുടെ ഇടപെടലുകൾ ദുരൂഹമായതിനാൽ വിശദമായ അന്വേഷണം പുതുതായി നടത്തണമെന്നാണ് സി.പി.ഐയുടെ നിലപാട്. എ.ഡി.ജി.പിയുടെ റിപ്പോർട്ട് അപൂർണമായതിനാലും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലാത്തതിനാലും തുടരന്വേഷണത്തിന് ഡി.ജി.പിയും ശുപാർശ നൽകിയിട്ടുണ്ട്.
ആംബുലൻസിൽ സുരേഷ് ഗോപിയെത്തുന്ന ദൃശ്യം പുറത്ത്
പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങളിൽ വശംകെട്ട് തിരുവമ്പാടി വിഭാഗം തൃശൃർ പൂരത്തിന്റെ ചടങ്ങുകൾ നിറുത്തിവച്ചപ്പോൾ സമവായചർച്ചയ്ക്ക് എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വാഹനങ്ങളുടെ പ്രവേശനം വിലക്കി അടച്ചിട്ട മേഖലയിലേക്കാണ് ആംബുലൻസിൽ സുരേഷ് ഗോപിയെത്തിയത്. സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിൽ നിന്ന് സുരേഷ് ഗോപി ഇറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം.
അർദ്ധരാത്രി രണ്ടോടെ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ ആദ്യമെത്തിയത് സുരേഷ് ഗോപിയായിരുന്നു. പിന്നീടാണ് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളടക്കം എത്തിയത്. പുറംവേദന മൂലം പ്രചാരണത്തിൽ നിന്നും വിട്ടുനിന്ന സുരേഷ് ഗോപി ആംബുലൻസിൽ കയറിയെത്തിയത് ദുരൂഹമാണെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ ആക്ഷേപം ഉയർത്തിയിരുന്നു.
രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ആംബുലൻസ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നും ഇവർ ചൂണ്ടിക്കാട്ടി. പൂരത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നും പ്രത്യക്ഷപ്പെടാതെയിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി സേവാഭാരതി ആംബുലൻസിൽ ആ സമയം വന്നുവെന്നത് ദുരൂഹമാണെന്ന് സി.പി.ഐ നേതാവും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.എസ്.സുനിൽ കുമാറും ആരോപിച്ചിരുന്നു.
അന്വേഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം
തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് തശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാർ പറഞ്ഞു. ഗൂഢാലോചന പുറത്തുവന്നേ മതിയാകൂ. സംഭവം ആസൂത്രിതമായിരുന്നുവെന്നാണ് ജനത്തിന്റെ ഇടയിലെ ചർച്ച. പൂരവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനെതിരെയും തനിക്കെതിരെയും ബി.ജെ.പി സോഷ്യൽ മീഡിയയിലൂടെ ആക്ഷേപമുന്നയിച്ചിരുന്നു. എത്രനാൾ കഴിഞ്ഞാലും പൂരത്തെക്കുറിച്ച് അന്വേഷിച്ചേ പറ്റൂ. അടുത്ത പൂരത്തിന് മുൻപ് വ്യക്തതയുണ്ടാകണം. അടുത്ത പൂരം സുഗമമായി നടത്താനാകണം.