
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ പി.വി.അൻവർ എം.എൽ.എയുടെ ആരോപണങ്ങൾ തള്ളി സി.പി.എമ്മും. ശശിക്കെതിരെ അൻവർ പാർട്ടിക്കു നൽകിയ പരാതിയിൽ തത്കാലം അന്വേഷണം വേണ്ടെന്നും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം.
ശശിക്കെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നതെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ശശിയെ പിന്തുണച്ച് സി.പി.എമ്മും നിലപാടെടുത്തത്. സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്‌തെന്നും അൻവറിന്റെ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശശിയുമായി ബന്ധമുണ്ടെന്ന് പറയാൻ സാധിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന് മുന്നിൽ അൻവർ ഉന്നയിച്ച പ്രശ്നങ്ങളിൽ അന്വേഷണം നടക്കുകയാണ്. അതിന്റെ ഭാഗമായി പാർട്ടിക്ക് നൽകിയിട്ടുള്ള കാര്യങ്ങളിലും പരിശോധന നടത്തിവരുന്നു. അൻവറിന്റെ ഭാഗത്തു നിന്നുണ്ടായ പലവിധത്തിലുള്ള പ്രസ്താവനകൾ വലതുപക്ഷ ശക്തികൾ ആയുധമാക്കുകയാണ്. മാദ്ധ്യമങ്ങൾ അത് ആഘോഷപൂർവം ഉപയോഗിക്കുന്നു. ഇത്തരം പ്രസ്താവനകളിൽ നിന്ന് അൻവർ പിന്മാറണം. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി അംഗമായതിനാൽ അദ്ദേഹത്തെ ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ മുന്നണി, പാർലമെന്ററി പാർട്ടി യോഗങ്ങളിൽ കാര്യങ്ങൾ വിശദീകരിക്കും.
എ.ഡി.ജി.പി എം.ആർ.അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചടക്കം അന്വേഷണം നടക്കുകയാണ്. കൂടിക്കാഴ്ച ഔദ്യോഗിക കൃത്യനിർവഹണത്തിനെതിരാ ണെങ്കിൽ നടപടിയുണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു.
അൻവർ തിരുത്തണം
 ആവശ്യമായ തിരുത്തലുകൾ വരുത്താൻ അൻവറിന് കഴിയണമെന്നും എം.വി.ഗോവിന്ദൻ
 ഇനി ഇത്തരം പ്രസ്താവനകളും രീതികളും അദ്ദേഹം അവലംബിക്കരുത്
 പി.ശശിക്കെതിരായ ആരോപണം ഗൗരവത്തിലുന്നയിച്ചാൽ അത് ഗൗരവമുള്ളതാവണമെന്നില്ല ഗൗരവമുള്ള ഏത് പ്രശ്നവും ഗൗരവപൂർവം കൈകാര്യം ചെയ്യും
 ആക്ഷേപങ്ങൾക്ക് തെളിവില്ല
പാർട്ടിക്കും സർക്കാരിനും മുന്നിൽ കാര്യങ്ങൾ അവതരിപ്പിച്ചശേഷം പി.വി.അൻവർ പി.ശശിക്കെതിരെ അടക്കം നടത്തുന്ന പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ വിലയിരുത്തൽ. ശശിക്കെതിരെ പരാതിയിൽ പറഞ്ഞിട്ടുള്ള ആക്ഷേപങ്ങളിൽ തെളിവില്ലെന്നും വിലയിരുത്തി.
 മാദ്ധ്യമങ്ങൾക്ക് വിമർശനം
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ നൽകിയ മെമ്മോറാണ്ടത്തിലെ കണക്കുകൾ സംബന്ധിച്ചുണ്ടായ വിവാദങ്ങളിൽ മാദ്ധ്യമങ്ങളെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. 2200 കോടിയുടെ പുനർ നിർമ്മാണ പവർത്തനങ്ങൾ ആവശ്യമുള്ളിടത്ത് മാനദണ്ഡങ്ങൾ പാലിച്ച് 219 കോടി ആവശ്യപ്പെട്ട് നൽകിയ കണക്കുകൾ കാട്ടിയാണ് മാദ്ധ്യമങ്ങൾ വ്യാജവാർത്തകൾ ചമച്ചതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വ്യാജപ്രചാരവേലയ്ക്ക് പിന്നിൽ മാദ്ധ്യമങ്ങളുടെ ബോധപൂർവമായ അജൻഡയാണ്.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന ജനങ്ങളെ പിന്തിരിപ്പിക്കുകയാണ് മുഖ്യലക്ഷ്യം. ദുരിതാശ്വാസനിധി ഇല്ലാതായാൽ സാധാരണക്കാരുടെ ചികിത്സാചെലവ് മുടങ്ങും. കേന്ദ്ര സഹായം ലഭിക്കരുതെന്നും വാർത്തകളിലൂടെ ചിലർ ലക്ഷ്യമിട്ടു. യാഥാർത്ഥ്യം എന്തെന്ന് കാട്ടി സർക്കാർ വാർത്താക്കുറിപ്പ് ഇറക്കിയിട്ടും മാദ്ധ്യമങ്ങൾ അത് ഗൗരവപൂർവം പ്രസിദ്ധീകരിച്ചില്ല.
സംഘപരിവാർ ആശയങ്ങൾ സർവകലാശാലകളിൽ അടിച്ചേൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഗവർണർ നടത്തുന്നതെന്നും കുറ്റപ്പെടുത്തി.