
ശിവഗിരി : സമൂഹത്തിൽ നിലനിന്നിരുന്ന അയിത്തവും തീണ്ടലും അവസാനിപ്പിക്കുന്നതിൽ വീറോടെ പൊരുതിയ സന്യാസി ശ്രേഷ്ഠനായിരുന്നു സ്വാമി ബോധാനന്ദ എന്ന് ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയിൽ ചിങ്ങം ഒന്നു മുതൽ ആരംഭിച്ച ശ്രീനാരായണമാസാചരണത്തിന്റെയും ധർമ്മചര്യായജ്ഞത്തിന്റയും സമാപനവും ബോധാനന്ദ സ്വാമി സമാധി ദിനാചരണവും സംബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
കരുത്തുള്ള യുവാക്കളെ ചേർത്തുകൊണ്ടുള്ള ധർമ്മഭട സംഘത്തിലൂടെ എതിരാളികളെ നേരിടാനും ഒരു വർഷക്കാലം നീണ്ടുനിന്ന മിശ്രഭോജനം സംഘടിപ്പിക്കാനും ബോധാനന്ദ സ്വാമിക്കു കഴിഞ്ഞു. മഹാകവി കുമാരനാശാൻ രേഖപ്പെടുത്തിയതുപോലെ കരബലകല്പിതമായ ജാതിയെ കരബലത്തിലൂടെ ഇല്ലാതാക്കുവാൻ ബോധാനന്ദ സ്വാമിക്കായെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. മഠം വൈദികാചാര്യൻ സ്വാമി ശിവനാരായണതീർത്ഥ, ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ശിവഗിരി മാസിക മാനേജർ സ്വാമി സുരേശ്വരാനന്ദ, രാജേന്ദ്ര ബാബു, ശിവഗിരിമഠം പി.ആർ.ഒ ഇ. എം. സോമനാഥൻ, ജി. ഡി. പി. എസ് പി. ആർ. ഒ പ്രൊഫ. സനൽകുമാർ, സഭ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു പ്ലാവഴികം എന്നിവർ പ്രസംഗിച്ചു. ശാലിനി ശിവഗിരി മാസിക, ബാഹുലേയൻ തുണ്ടത്തിൽ എന്നിവർ പ്രാർത്ഥന ചൊല്ലി.
സമാധി പൂജ
പുലർച്ചെ ശിവഗിരിയിൽ ബോധാനന്ദസ്വാമി സമാധി പൂജ നടന്നു. തുടർന്നു ശാരദാമഠത്തിൽ ഗുരുദേവ വിരചിതമായ ഹോമമന്ത്രം ഉരുവിട്ടുള്ള വിശേഷാൽ പൂജയ്ക്ക് സന്യാസിമാർ നേതൃത്വം നൽകി. ശാരദാമഠത്തിൽ നിന്നു കലശം എഴുന്നള്ളിച്ച് വൈദികമഠത്തിനു പ്രദക്ഷിണം വച്ച് സ്വാമി ബോധാനന്ദ സമാധിയിൽ എത്തിച്ചു. സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി ഗുരുപ്രസാദ്, സ്വാമി ത്രിരത്നതീർത്ഥ , സ്വാമി സുകൃതാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, സ്വാമി അംബികാനന്ദ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി ദേശീകാനന്ദയതി, ബ്രഹ്മചാരിമാർ, വൈദികർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.