തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിൽ റോഡപകടത്തിൽ സ്ത്രീ മരിച്ച ഞെട്ടലിലാണ് തലസ്ഥാനവാസികൾ. ആളുകളുടെ നിലവിളി കേട്ട് ഓടിച്ചെന്നപ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന മണക്കാട് സ്വദേശി സാവിത്രിയെയാണ് കണ്ടതെന്ന് പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന കുമാർ പറയുന്നു.
കൺചിമ്മുന്ന വേഗതയിൽ എന്തും സംഭവിക്കാവുന്ന ഇടമായതിനാൽ റോഡുകളിൽ വാഹനങ്ങളും കാൽനടയാത്രക്കാരും അതീവ ജാഗ്രത പുലർത്തണമെന്ന് ട്രാഫിക്ക് അധികൃതർ പറയുന്നു. സൗത്ത് ഗേറ്റിനടുത്തുള്ള സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ ഡിവൈഡറിൽ നിന്ന് കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സിഗ്നൽ കണ്ട് മുന്നോട്ടു നീങ്ങുന്നതിനിടെ സിഗ്നൽ മാറി. ഈ സമയം,ബസ് മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ ഭാഗത്തും സ്റ്റാച്യു പുളിമൂട്ടിൽ നിന്ന് പ്രസ് ക്ലബിലേക്ക് തിരിയുന്നിടത്തും പച്ച സിഗ്നൽ കത്തുന്നത് ഏതാനും സെക്കൻഡുകൾ മാത്രമാണെന്ന് കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സിഗ്നലുകൾ ഓരോയിടത്തെയും ട്രാഫിക്ക് അനുസരിച്ചാണ് ക്രമീകരിക്കേണ്ടതെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല. ഇത് കാൽനടയാത്രക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നു.
റോഡ് മുറിച്ചുകടക്കുന്നവരും വാഹനം ഓടിക്കുന്നവരും തിരക്ക് കുറഞ്ഞ സമയത്തുപോലും ജാഗ്രത പുലർത്തണമെന്നും ട്രാഫിക്ക് പൊലീസ് പറയുന്നു. പച്ചസിഗ്നൽ കിടക്കുമ്പോഴും ചിലപ്പോൾ വാഹനങ്ങളുണ്ടാവില്ല. ആ സമയം,റോഡ് മുറിച്ചുകടക്കാമെന്ന ചിന്ത അപകടം ക്ഷണിച്ചുവരുത്തും.സീബ്രാ ക്രോസിംഗ് ഉപയോഗിക്കാത്തത് പ്രശ്നം ഇരട്ടിപ്പിക്കുന്നു. ഫോൺ വിളിച്ചും ഹെഡ്സെറ്റിൽ പാട്ടുകേട്ടും റോഡ് മുറിച്ചുകടക്കുന്നതും വില്ലനാകുന്നു. ബസും ഓട്ടോയും തോന്നുന്നിടത്ത് നിറുത്തുന്നതാണ് മറ്റൊരു പ്രശ്നം. ഇൻഡിക്കേറ്റർ പോലുമിടാതെയാണ് പലരും ഓട്ടോ നിറുത്തുന്നത്.
ശ്രദ്ധിക്കേണ്ടത്
സീബ്രാ ലൈനിൽ കാൽനടയാത്രക്കാർക്കാണ് മുൻഗണന.
റോഡിന്റെ നടുക്ക് ഡിവൈഡർ ഉണ്ടെങ്കിൽ ആദ്യം ഡിവൈഡർ വരെ മുറിച്ച് കടക്കുക. അതിനുശേഷം വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തി തുടർന്ന് മുറിച്ചു കടക്കുക.
ബസിൽ നിന്നിറങ്ങിയ ഉടൻ റോഡ് മുറിച്ച് കടക്കാതിരിക്കുക.
നിറുത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ പിന്നിലൂടെയോ മുന്നിലൂടെയോ റോഡ് മുറിച്ച് കടക്കാതിരിക്കുക
ജംഗ്ഷനുകൾ,സ്കൂളുകൾ, ആശുപത്രികൾ,വളവുകൾ എന്നിവിടങ്ങളിൽ വേഗത കുറച്ച് മാത്രം വാഹനം ഓടിക്കുക.
ട്രാഫിക്ക് ലൈറ്റ്,സീബ്രാ ക്രോസിംഗ് എന്നിവയ്ക്ക് സമീപം വാഹനം പാർക്ക് ചെയ്യരുത്.
ചുവപ്പ് സിഗ്നൽ വീണാലും വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം റോഡ് മുറിച്ചുകടക്കുക