
തിരുവനന്തപുരം: കേന്ദ്ര നിർദ്ദേശ പ്രകാരം നികുതി ഘടനയിൽ മാറ്റം വരുത്തുന്നതിന് മൂന്ന് നിയമഭേദഗതികളടങ്ങിയ ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് ചേരാൻ തീരുമാനിക്കുകയും അതിന് ഗവർണറുടെ അനുമതി നേടുകയും ചെയ്ത ശേഷം ഓർഡിനൻസിറക്കുന്നത് അസാധാരണമാണ്. ഇങ്ങനെ പാടില്ലെന്ന കീഴ്‌വഴക്കം ലംഘിച്ചാണ് തീരുമാനം.
കേന്ദ്ര നിർദ്ദേശ പ്രകാരമുള്ള ഭേദഗതിയായതിനാൽ ഗവർണർ ഒപ്പിടുന്നെങ്കിൽ ആവട്ടെയെന്നാണ് സർക്കാർ നിലപാട്. ഓർഡിനൻസ് ഇന്നു തന്നെ രാജ്ഭവനിലേക്ക് അയയ്ക്കും.2017ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2024ലെ കേരള ധനകാര്യ നിയമം, 2008ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.ജി.എസ്.ടി കൗൺസിൽ പാസാക്കിയ ആംനെസ്റ്റി പദ്ധതി പ്രകാരം കുടിശിക തുക പിരിച്ചെടുക്കാനുള്ള ഭേദഗതിയാണ് ഓർഡിനൻസായി പുറപ്പെടുവിക്കുന്നത്.
ഒക്ടോബർ ഒന്നു മുതൽ നടപ്പാക്കേണ്ട നികുതി നിർദ്ദേശമായതിനാലാണ് ഓർഡിനൻസിറക്കാൻ തീരുമാനിച്ചത്. നിയമസഭാ ചട്ടമനുസരിച്ചു നിയമസഭാ സമ്മേളനം തുടങ്ങിയ ശേഷം മാത്രമേ ഓർഡിനൻസ് പുറപ്പെടുവിക്കാൻ നിയമപരമായ തടസമുള്ളൂവെന്ന് ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് ഒക്ടോബർ നാലു മുതൽ നിയമസഭാ
സമ്മേളനം വിളിക്കാൻ ശുപാർശ ചെയ്തത്. ഷെഡ്യൂൾ ഗവർണർ അംഗീകരിച്ചു.