sreejesh

തിരുവനന്തപുരം : ഒളിമ്പിക്‌സ് മെഡൽ ജേതാവ് ശ്രീജേഷിന് ഒക്ടോബർ 19 ന് സ്വീകരണമൊരുക്കുമെന്നും ആ വേദിയിൽ വച്ച് അദ്ദേഹത്തിന് സംസ്ഥാന സർക്കാരിന്റെ പാരിതോഷികം നൽകുമെന്നും കായിക മന്ത്രി വി.അബ്‌ദുറഹിമാൻ. ഒരു സ്കൂൾ ഒരു ഗെയിം പദ്ധതിയു‌ടെ സ്പോർട്സ് കിറ്റ് വിതരണച്ചടങ്ങിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നേരത്തേ ആഗസ്റ്റ് 26ന് വിദ്യാഭ്യാസവകുപ്പ് ശ്രീജേഷിന് നൽകാൻ വച്ചിരുന്ന സ്വീകരണം കായികമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസം കാരണം അവസാനനിമിഷം മാറ്റിവച്ചിരുന്നു.

ശ്രീജേഷി​ന് പ്രഖ്യാപി​ച്ച രണ്ടുകോടി​രൂപ പാരി​തോഷി​കം അക്കൗണ്ടി​ലൂടെ നൽകുന്നതി​ന് സർക്കാരി​ന് ഒരുമടി​യുമി​ല്ല. എന്നാൽ കായി​കതാരങ്ങൾക്ക് പൊതു ചടങ്ങിൽവച്ച് പാരിതോഷികം നൽകേണ്ടതിനാലാണ് സ്വീകരണം ഇത്രയും വൈകിയതെന്ന് കായികമന്ത്രി പറഞ്ഞു.സമ്മാനം ഏറ്റുവാങ്ങുന്നത് കാണാനുള്ള അവസരം ഭാവി​യി​ലെ താരങ്ങൾക്ക് പ്രചോദനം പകരുമെന്നും മന്ത്രി​ പറഞ്ഞു.

ശ്രീജേഷ് പഠിച്ച കണ്ണൂരിലേയും തിരുവനന്തപുരം ജി.വി രാജ സ്കൂളിലേയും വിദ്യാർത്ഥികളെ ചടങ്ങിൽ പങ്കെടുപ്പിക്കും. പി.യു ചിത്ര ഉൾപ്പെടെയുള്ള കായികതാരങ്ങൾക്ക് ചടങ്ങിൽ ജോലി നിയമന ഉത്തരവ് കൈമാറുമെന്നും മന്ത്രി അറിയിച്ചു. പാരീസ് ഒളിമ്പിക്സിലെ മെഡൽ ജേതാവായ പി.ആർ ശ്രീജേഷിന് രണ്ടുകോടി രൂപയാണ് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.