തിരുവനന്തപുരം: മുട്ടത്തറയിൽ ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഫ്ളാറ്റുകൾ 2025 ഫെബ്രുവരിയോടെ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിർമ്മാണപുരോഗതി വിലയിരുത്താൻ സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ഫിഷറീസ് ഡയറക്ടർ അബ്ദുൾ നാസർ,മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു.സി.പുളിക്കൽ,ഹാർബർ എൻജിനിയറിംഗ് വകുപ്പ് ചീഫ് എൻജിനിയർ മുഹമ്മദ് അൻസാരി,ഫിഷറീസ് അഡിഷണൽ ഡയറക്ടർ സ്മിത ആർ.നായർ,ഹാർബർ എൻജിനിയറിംഗ് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ കുഞ്ഞിമമ്മു പറവത്ത്,ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി എം.ഡി ഷാജു.എസ് എന്നിവർ പങ്കെടുത്തു.
80 ശതമാനം പൂർത്തിയായി
നിലവിൽ 80 ശതമാനം പണികൾ പൂർത്തിയായി.ഈ വർഷം ഡിസംബറിനുള്ളിൽ ഫ്ളാറ്റുകളുടെ നിർമ്മാണം പൂർത്തിയാകും. 2025 ഫെബ്രുവരിക്കുള്ളിൽ അപ്രോച്ച് റോഡ്,ഇന്റർലോക്ക് പാതകൾ,സ്വീവേജ് സംവിധാനം, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയും പൂർത്തീകരിച്ച് കൈമാറ്റത്തിന് സജ്ജമാകും. ഇതിനായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും യോഗം വിളിച്ചുചേർക്കാനും മന്ത്രി നിർദേശം നൽകി.
8 ഏക്കർ സ്ഥലത്ത്
50 കെട്ടിടസമുച്ചയം
8 ഏക്കർ സ്ഥലത്ത് 50 കെട്ടിട സമുച്ചയത്തിലായി 400 ഫ്ളാറ്റുകളാണ് മുട്ടത്തറയിൽ ഒരുങ്ങുന്നത്.കോമൺ യൂട്ടിലിറ്റി ഉൾപ്പെടെ 635 ചതുരശ്രയടി വിസ്തീർണമാണ് ഓരോ യൂണിറ്റിനുമുള്ളത്. 2 കിടപ്പ് മുറിയും ഒരു ഹാളും,അടുക്കളയും, ടോയ്‌ലെറ്റ് സൗകര്യങ്ങളുമുണ്ടാകും.81 കോടി രൂപയാണ് പൂർണമായും സംസ്ഥാന സർക്കാർ ചെലവിലൊരുങ്ങുന്ന പദ്ധതിക്കായി അനുവദിച്ചത്.ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ നിർവഹണ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല.