തിരുവനന്തപുരം: പാറശാല,നെയ്യാറ്റിൻകര പ്രദേശങ്ങളോട് റെയിൽവേയ്ക്ക് അവഗണനയെന്ന് പരാതി.രാവിലെ 9.50ന് തിരുവനന്തപുരത്ത് എത്തേണ്ട കൊച്ചുവേളി പാസഞ്ചർ ഒരിക്കലും സമയത്ത് എത്താറില്ല.എത്തിയാൽത്തന്നെ മിക്ക ദിവസവും പത്തര കഴിയാതെ ഇതിന് പ്ലാറ്റ്‌ഫോം കിട്ടാറില്ല. പാറശാലയിൽനിന്ന് രാവിലെ 5.15ന് മധുര – പുനലൂർ എക്സ്‌പ്രസ് പോയാൽ അടുത്തവണ്ടി 7.15ന്റെ പാസഞ്ചറാണ്.ഇതിനിടയിൽ മെമുവെങ്കിലും വേണമെന്നാവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി.രാത്രി 7.10ന് നാഗർകോവിൽ – കൊച്ചുവേളി പാസഞ്ചർ പോയിക്കഴിഞ്ഞാൽ പാറശാലയിൽ നിന്ന് പിന്നെ തലസ്ഥാനത്തേക്ക് ട്രെയിനില്ല.

തിരുവനന്തപുരത്തു നിന്ന് പാറശാല ഭാഗത്തേക്ക് പോകാൻ രാവിലെ 9.30നുള്ള നാഗർകോവിൽ പാസഞ്ചർ ട്രെയിനാണ് പ്രധാന ആശ്രയം. പാറശാലയിൽ നിറുത്തുന്ന അടുത്ത വണ്ടി 12.05നുള്ള ഐലൻഡാണ്. വൈകിട്ട് 6.45നുള്ള പരശുറാം കഴിഞ്ഞാൽ പിന്നെയുള്ളത് പുനലൂർ – മധുര എക്സ്‌പ്രസ് മാത്രമാണ്. രാത്രി 8.15ന് മധുര ട്രെയിൻ പോയാൽ മണിക്കൂറുകളോളം ചെറിയ സ്റ്റേഷനുകളിലേക്ക് ട്രെയിനില്ല. മെമു സർവീസുകളേർപ്പെടുത്തിയാൽ ഏറെ ആശ്വാസമാകുമെന്നും എന്നാൽ ഈ ആവശ്യം പരിഗണിക്കപ്പെടുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു.

തിരുവനന്തപുരം വരെയെത്തുന്ന വന്ദേഭാരത്,ജനശതാബ്ദി ട്രെയിനുകൾ പിടിക്കാൻ തിരുവനന്തപുരം മുതൽ പാറശാല വരെയുള്ള യാത്രക്കാർക്ക് നിലവിൽ മാർഗമില്ല. വൈകിട്ട് ഇൗ ട്രെയിനുകളിൽ തിരുവനന്തപുരത്തെത്തിയാലും പാറശാലയിലേക്ക് പോകാൻ മാർഗങ്ങളില്ല.

രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായതിനാൽ കേരളവും തമിഴ്നാടും ഒരുപോലെ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയാണ് പാറശാലക്കാർക്കുള്ളത്.

പാതയിരട്ടിപ്പിക്കൽ പണികൾ തമിഴ്നാട് ഭാഗത്ത് വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ ഭാഗത്ത് ഒന്നും നടക്കുന്നില്ലെന്നും പരാതിയുണ്ട്. നാഗർകോവിൽ,ഇരണിയൽ,കുഴിത്തുറ,പാറശാല,നെയ്യാറ്റിൻകര,ധനുവച്ചപുരം എന്നിവിടങ്ങളിൽ നിന്ന് ജോലിക്കും ആശുപത്രി ആവശ്യങ്ങൾക്കുമായി വരുന്നവരാണ് ട്രെയിനുകളെ ആശ്രയിക്കുന്നത്.