
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള പഠനക്കുറിപ്പുകൾ അദ്ധ്യാപകർ വാട്സാപ്പിലൂടെ നൽകുന്നത് വിലക്കിക്കൊണ്ട് ഹയർ സെക്കൻഡറി ഡയറക്ട്രേറ്റിന്റെ ഉത്തരവ്. നോട്സ് ഉൾപ്പെടെയുള്ളവ വാട്സാപ്പിലൂടെയും മറ്റും നൽകുന്നത് വിദ്യാർത്ഥികൾക്ക് അമിതഭാരവും സാമ്പത്തികബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി കാണിച്ച് രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്ക് ഡയറക്ട്രേറ്റിന്റെ നിർദ്ദേശം.നോട്ടുകൾ ഉൾപ്പെടെയുള്ളവ സമൂഹമാദ്ധ്യമങ്ങൾ വഴി നൽകി പ്രിന്റെടുപ്പിക്കുന്നതും അതുവഴി നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നതും പൂർണമായി ഒഴിവാക്കണം. ഇക്കാര്യം ഉറപ്പാക്കാൻ മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർ ഇടവിട്ട് സ്‌കൂളുകളിൽ സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കണമെന്നും ഹയർ സെക്കൻഡറി അക്കാഡമിക വിഭാഗം ജോ.ഡയറക്ടർ സുരേഷ്‌കുമാറിന്റെ ഉത്തരവിൽ പറയുന്നു.