
 ദുർഗന്ധം നിറഞ്ഞതോടെ സമീപത്തെ സ്കൂൾ വിദ്യാർത്ഥികളും ബുദ്ധിമുട്ടിൽ
തിരുവനന്തപുരം: വീടുകളിൽ നിന്ന് ശേഖരിക്കുന്ന ഭക്ഷണമാലിന്യങ്ങൾ വീപ്പകളിൽ നിറച്ചും കവറിൽ കെട്ടിയും നിരത്തിവയ്ക്കും, പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മറുവശത്ത്. പൊതുവഴിയിൽ മാലിന്യം നിക്ഷേപിക്കാൻ കോർപ്പറേഷൻ ജീവനക്കാർ തന്നെ മാതൃക കാട്ടിയപ്പോൾ മറ്റുള്ളവരും മടിച്ചില്ല.
കേശവദാസപുരം വാർഡിൽ പരുത്തിപ്പാറ എം.ജി കോളേജിന് പിറകുവശത്തെ വ്യാസ നഗറിൽ കേശവദാസപുരം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിന് മുന്നിലെ റോഡിന്റെ ദയനീയാവസ്ഥയാണിത്. വിദ്യാർത്ഥികൾ ഉൾപ്പെടെ മൂക്കുപൊത്തിയാണ് ഇതുവഴി പോകുന്നത്. സ്കൂളിന്റ ഗേറ്റിന് മുന്നിലുൾപ്പെടെയാണ് മാലിന്യങ്ങൾ നിരത്തിയിരിക്കുന്നത്. അരക്കിലോമീറ്ററോളം നീളത്തിലാണ് മാലിന്യം നിരത്തിയിരിക്കുന്നത്.
സമീപത്തെ എൻ.എസ്.എസ് ഐ.എ.എസ് അക്കാഡമിയുടെ പ്രവർത്തനത്തെയും മാലിന്യനിക്ഷേപം സാരമായി ബാധിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യവും രൂക്ഷമാണ്. പലവട്ടം കോർപറേഷൻ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് പൊതുവേ തിരക്ക് കുറഞ്ഞ ഈ വഴിയിൽ മാലിന്യം കൂട്ടാൻ കോർപ്പറേഷൻ ജീവനക്കാർ തുടങ്ങിയത്. ഇതോടെ പല സ്ഥലങ്ങളിൽ നിന്ന് കച്ചവടക്കാർ ഉൾപ്പെടെ രാത്രിയിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വീടുകളിൽ നിന്ന് ദിവസേന കുടുംബശ്രീക്കാരാണ് ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നത്. ഇത് കൃത്യമായി പണവും നൽകുന്നുണ്ട്. ആയിരത്തിലധികം വീടുകളുള്ള വ്യാസനഗറിലെ മാലിന്യം മുഴുവൻ സ്കൂളിന് സമിപത്തെ റോഡിൽ എത്തിച്ച് കൂട്ടിവയ്ക്കും. സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് രാത്രിയിൽ ഇത് തള്ളുന്നത് കണ്ട് കോർപ്പറേഷനിൽ പരാതിപ്പെട്ടവരുമുണ്ട്.
അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ കൃത്യമായി ആളെത്തും. എന്നാൻ അതും കൂട്ടിവയ്ക്കുകയാണ്. യഥാസമയം നീക്കം ചെയ്യില്ല. തരംതിരിച്ചവ കെട്ടിവയ്ക്കും. ഉപയോഗശൂന്യമായവ രാത്രിയും പകലുമില്ലാതെ കത്തിക്കുന്നതും പതിവാണ്. മാലിന്യത്തിന്റെ ദുർഗന്ധത്തിനൊപ്പം പ്ലാസ്റ്റിക്ക് ഉൾപ്പെടെ കത്തിക്കുന്നതിന്റെ ഗന്ധവും ശ്വസിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾക്ക്.