വിതുര: മലയോര മേഖലയായ തൊളിക്കോട് വിതുര പഞ്ചായത്തുകളിൽ വീണ്ടും കാട്ടുപന്നിശല്യം രൂക്ഷമാകുന്നു.കാടുവിട്ട് നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായിട്ട് മാസങ്ങളേറെയായി. പാട്ടത്തിനെടുത്ത ഭൂമിയിൽ പലിശയ്ക്ക് പണമെടുത്തും ലോണെടുത്തുമാണ് കൃഷിയിറക്കുന്നത്. എന്നാൽ നാമ്പെടുത്ത കൃഷിമുതൽ കായ്ക്കാറായവയും കാട്ടുപന്നികൾ പിഴുതെറിയും. കർഷകർ ഇപ്പോൾ കടക്കെണിയിലാണ്. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്.
വനമേഖലയോടു ചേർന്നുള്ള മേഖലകൾ സന്ധ്യമയങ്ങിയാൽ പന്നികളുടെ വിഹാരകേന്ദ്രമാകും. ആദിവാസി മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. പന്നിശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് അനവധി തവണ കർഷകർ വനംവകുപ്പിന് പരാതി നൽകിയിട്ടും നടപടിയായില്ല.
കുരങ്ങുകളും കാട്ടാനയും കാട്ടുപോത്തും വരെ നാട്ടിലിറങ്ങി നാശം പരത്തുന്നുണ്ട്. ഇതോടെ കൃഷി കുറയുന്നതായി കർഷകർ പറയുന്നു. പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം രൂക്ഷമാകുന്നതാണ് ഇവ നാട്ടിലേക്കിറങ്ങാൻ കാരണം. കർഷകരെയും കൃഷിയേയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കണമെന്ന് കർഷകസംഘം തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
നശിപ്പിക്കപ്പെടുന്ന പ്രധാന വിളകൾ
വാഴ,മരച്ചീനി,പച്ചക്കറി കൃഷികൾ
മരണം തുടരുന്നു
കാട്ടുപന്നി കുറുകേ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ തൊളിക്കോട് സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.നേരത്തേ തൊളിക്കോട് പഞ്ചായത്തിൽ മാത്രം രണ്ട് പേരുടെ ജീവൻ പന്നിയുടെ ആക്രമണത്തിൽ പൊലിഞ്ഞിട്ടുണ്ട്. നാഗര,ചായം സ്വദേശികളാണ് മരിച്ചത്. പന്നിശല്യത്തിൽ രാത്രി ബൈക്കുകളിൽ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മുൻപ് പുലർച്ചെ ബൈക്കിൽ ടാപ്പിംഗിന് പോയ ആറ് പേരെ പന്നികൾ ആക്രമിച്ച് പരിക്കേല്പിച്ചിരുന്നു.
പകലും പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ കാട്ടുപന്നികൾ നാശവും ഭീതിയും പരത്തുന്നുണ്ട്.
പന്നിശല്യം രൂക്ഷമായ സ്ഥലങ്ങൾ
നാഗര, ഭദ്രം വച്ചപാറ, പുളിച്ചാമല, പരപ്പാറ, മൂന്നാംനമ്പർ,പേരയം,മരുതാമല,ജഴ്സിഫാം,അടിപറമ്പ്, മണിതൂക്കി,ചാത്തൻകോട്,ചെമ്മാംകാല,കല്ലാർ,ആനപ്പാറ,പേപ്പാറ,പട്ടൻകുളിച്ചപാറ,കളീക്കൽ, പൊന്നാംചുണ്ട്,നരിക്കല്ല്,തലത്തൂതക്കാവ്,പുളിച്ചാമല,പരപ്പാറ,മേമല, പൊൻപാറ,തോട്ടുമുക്ക്, ചാരുപാറ,മലയടി,വിനോബാനികേതൻ,പറണ്ടോട്, കല്ലാർ,ആനപ്പാറ,മരുതാമല,മക്കി,ജഴ്സിഫാം, കന്നുകാലിവനം,ചാരുപാറ,ഞാനിക്കുന്ന്.
തൊളിക്കോട് പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന കാട്ടുപന്നിശല്യത്തിന് തടയിടണം.കൃഷിനാശം സംഭവിച്ചവർക്ക് ധനസഹായം ലഭ്യമാക്കണം.
എസ്.എസ്.പ്രേംകുമാർ,
കർഷകസംഘം തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി