shabinsha

നെടുമങ്ങാട്/ വിതുര: കാട്ടുപന്നി ആക്രമണത്തിൽ ജ്യേഷ്ഠൻ ഓടിച്ച ബൈക്കിൽ നിന്നു വീണ് അനുജൻ മരിച്ചു. തൊളിക്കോട് വെട്ടയിൽ പാമ്പാടിയിൽ ഷാജി- ഷർമ്മിള ദമ്പതികളുടെ മകൻ ഷെബിൻഷാജി(22) ആണ് മരിച്ചത്. ഷെബിൻ ഷാജിയുടെ മൂത്ത സഹോദരൻ ഷെഹിൻഷാ (24) പരിക്കുകളോടെ രക്ഷപെട്ടു. വിതുര പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്ലാന്തോട്ടം മേഖലയിൽ ബുധനാഴ്ച രാത്രി 8ഓടെയാണ് അപകടം. പാഞ്ഞെത്തിയ കാട്ടുപന്നി ഷെഹിൻഷ ഓടിച്ചിരുന്ന ബൈക്ക് കുത്തിമറിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും ഇരുവരും റോഡിൽ തലയിടിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസിൽ ഇരുവരെയും വിതുര ഗവൺമെന്റ് കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിലും പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ ഷെബിൻ ഷാജി മരിച്ചു. മൃതദേഹം ഇൻക്വസ്റ്റിനുശേഷം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷെഹിൻഷാ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വിതുര പൊലീസ് കേസെടുത്തു. ഇവിടെ മുമ്പും ബൈക്ക് യാത്രക്കാരൻ കാട്ടുപന്നി ഇടിച്ച് മരിച്ചിരുന്നു.