പാലോട്: പെരിങ്ങമ്മല പഞ്ചായത്തിൽ യു.ഡി.എഫ് അംഗങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ രാപ്പകൽ സമരം അവസാനിച്ചു. കഴിഞ്ഞ ആറുമാസത്തെ മിനിറ്റ്സ് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് അംഗങ്ങൾ ഉപരോധം നടത്തിയത്. പൊൻമുടിയിലെ അനധികൃത നിർമ്മാണം, ഫണ്ടുകളുടെ തിരിമറി, പഞ്ചായത്ത് കമ്മിറ്റി എടുക്കാത്ത തീരുമാനങ്ങൾ പിന്നീട് എഴുതി ചേർക്കൽ എന്നിവ ഈ മിനിറ്റ്സിൽ ഉണ്ടെന്നായിരുന്നു യു.ഡി.എഫിന്റെ ആക്ഷേപം. മിനിറ്റ്സ് ആവശ്യപ്പെട്ടപ്പോൾ ആദ്യം അഞ്ച് കമ്മിറ്റിയുടെ പകർപ്പുകൾ മാത്രമാണ് സെക്രട്ടറി നൽകിയത്. തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് സെക്രട്ടറി മിനിറ്റ്സ് നൽകിയത്.