കടയ്ക്കാവൂർ: പഞ്ചായത്തിന്റെ അനാസ്ഥയെ തുടർന്ന് അഞ്ചുതെങ്ങിലെ പകുതിയിലേറെ പ്രദേശങ്ങളും ഇരുട്ടിലായി. തെരുവുവിളക്കുകൾ തെളിക്കണമെന്ന പ്രദേശവാസികളുടെ മാസങ്ങളായുള്ള അഭ്യർത്ഥനകൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് പഞ്ചായത്തധികൃതർ വഴിവിളക്കുകൾ മാറ്റി സ്ഥാപിക്കാനായി 600ഓളം എൽ.ഇ.ഡി ബൾബുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്. എന്നാൽ തീരദേശ പാതയിലെ വഴിവിളക്കുകൾ മാറ്റി സ്ഥാപിച്ചു തുടങ്ങിയതോടെ ഹോൾഡറുകൾ തീർന്നുപോയതായി കോൺട്രാക്ടർ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും, ഇതോടെ പകുതിയിലേറെ പ്രദേശങ്ങളിൽ ബൾബുകൾ മാറ്റാൻ കഴിയാതെയുമായി. നിലവിൽ 2,3,4,5,6,7 വാർഡുകളിൽ പൂർണമായും 1,8,9,10,11,12,13,14 തുടങ്ങിയ വാർഡുകളിൽ പകുതിയും ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. ഇത് പ്രദേശവാസികളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നിലവിൽ ഓരോ വാർഡിനും 40 വീതം ലൈറ്റുകളാണ് നൽകിയിട്ടുള്ളത്. വാർഡ് മെമ്പർമാർ അവരുടെ ബന്ധുക്കളുടേയും പാർട്ടി അനുഭാവികളുടെയും വീടുകളിലേക്കുള്ള റോഡും നടവഴികളും തെരഞ്ഞുപിടിച്ച് ബൾബുകൾ മാറ്റുന്നെന്ന ആരോപണവും ശക്തമാണ്. അടിയന്തരമായി അഞ്ചുതെങ്ങ് പഞ്ചായത്തിലെ പ്രദേശങ്ങളിൽ വഴിവിളക്കുകൾ തെളിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.