
കേരളത്തിലെയന്നല്ല, ലോകത്താകെയുള്ള പൂരപ്രേമികളെ നിരാശരും രോഷാകുലരുമാക്കിയ സംഭവമാണ് കഴിഞ്ഞ തൃശൂർ പൂരത്തിലുണ്ടായത്. രാത്രിയിൽ നടക്കേണ്ടിയിരുന്ന വർണ്ണാഭമായ ചടങ്ങുകൾ പൊലീസിന്റെ ധാർഷ്ട്യം കാരണം പൂർണമായും അലങ്കോലപ്പെട്ടു. മനം കുളിർപ്പിക്കുന്ന പൂരവിസ്‌മയക്കാഴ്ച കാണാൻ തേക്കിൻകാടു മൈതാനത്തു തടിച്ചുകൂടിയ പുരുഷാരത്തെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് അടിച്ചോടിച്ചു. പൂരം നഗരിയിലേക്കുള്ള പ്രവേശനം പോലും വളരെ ദൂരെ വച്ചേ തടഞ്ഞു. അന്യനാട്ടുകാരനായ തൃശൂർ പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു ഇതൊക്കെ. അതിനു ഈ ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചത് സംസ്ഥാനത്ത് ക്രമസമാധാനച്ചുമതല വഹിക്കുന്ന എ.ഡി.ജി.പി എം.ആർ. അജിത്‌കുമാറാണെന്ന ആരോപണവും പിന്നീടുയർന്നു. പൂരം കലക്കലിനെക്കുറിച്ച് ഇതേ അജിത്‌കുമാർ തന്നെ സർക്കാരിനു റിപ്പോർട്ട് നൽകിയെന്നതാണ് അതിനെക്കാൾ വിശേഷം. മനഃപൂർവം പൂരം അലങ്കോലപ്പെടുത്തിയത് തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി നടൻ സുരേഷ് ഗോപിയുടെ ജയം ഉറപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നും എ.ഡി.ജി.പി ഇതിനായി പൂരത്തിനു മുമ്പേ തൃശൂരിൽ തങ്ങി അണിയറ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്നും ആരോപണമുണ്ടായി.
ഭരണമുന്നണിയിലെ സി.പി.എം കഴിഞ്ഞാൽ പ്രമുഖ സ്ഥാനമുള്ള സി.പി.ഐ നേതാക്കളും ആദ്യം മുതലേ ഇതേ മട്ടിൽ ശക്തമായ ആരോപണം ഉയർത്തിയിരുന്നു. എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിൽ സർക്കാർ തുടർ നടപടികളൊന്നും എടുത്തിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ പൂരത്തിന് ഒരു വർഷം മുന്നേതന്നെ എ.ഡി.ജി.പി അജിത്‌കുമാർ രണ്ടു പ്രമുഖ ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ വാർത്ത പുറത്തുവരുന്നത്. ഇതേക്കുറിച്ച് ഡി.ജി.പിയുടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ ഇപ്പോൾ. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണ് നടന്നിട്ടുള്ളതെങ്കിൽ അജിത്കുമാറിനെ ഇപ്പോഴത്തെ പദവിയിൽ നിന്നു ഒഴിവാക്കുമെന്നാണു സൂചന. ഈ അന്വേഷണത്തിന്റെ ഫലം എന്തുതന്നെയായാലും സംസ്ഥാനത്തിനും സർക്കാരിനും ഏറെ നാണക്കേടു സമ്മാനിച്ച തൃശൂർ പൂരം കലക്കിയ സംഭവത്തിൽ നിഷ്‌പക്ഷമായ അന്വേഷണം നടത്തുകതന്നെ വേണം. അതിനുവേണ്ടി ഇത്രകാലം പാഴാക്കിയതു തന്നെ കുറ്റകരമായ അനാസ്ഥയാണ്.
ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ പൂരം കലക്കൽ സംഭവത്തിൽ എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിൽ തുടരന്വേഷണം വേണമെന്ന് സി.പി.ഐ ശക്തിയായി ആവശ്യപ്പെട്ടതായിട്ടാണ് സൂചന. ആവശ്യമാണെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമോ ജുഡിഷ്യൽ അന്വേഷണമോ ആകാമെന്നാണ് സർക്കാരിന്റെയും അഭിപ്രായം. പ്രതിപക്ഷവും പൂരത്തിന്റെ സംഘാടകരായ രണ്ടു ദേവസ്വങ്ങളും നേരത്തെ മുതൽ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.
പൂരം കലക്കിയതിനു പിന്നിൽ പൊലീസിന്റെയും ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം നിലനിൽക്കുന്നതിനാൽ പൊലീസ് ഈ വിഷയത്തിൽ തുടരന്വേഷണം നടത്തുന്നത് ഒട്ടും ഉചിതമാവില്ല. സത്യം പുറത്തുകൊണ്ടുവരാനും ജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരികരിക്കാനും ഉതകുന്നതാകണം തുടരന്വേഷണം. അതാകട്ടെ ജുഡിഷ്യൽ അന്വേഷണമാണ് യുക്തമായ നടപടി. തൃശൂർ പൂരം മാത്രമല്ല സംസ്ഥാനത്തു നടക്കാറുള്ള എല്ലാ ദേവാലയ ആഘോഷങ്ങളും ഒരു വിധ ആക്ഷേപങ്ങൾക്കും ഇടനൽകാതെ ഏറ്റവും ഭംഗിയായി പൂർത്തിയാക്കുന്നതിനുവേണ്ട പൊലീസ് സംരക്ഷണം ഒരുക്കുന്നതിൽ ഒരുവിധ വീഴ്ചയും ഉണ്ടാകാൻ പാടില്ലാത്തതാണ്. രാഷ്ട്രീയലാഭത്തിനുവേണ്ടി നടത്തുന്ന നുഴഞ്ഞുകയറ്റവും ഇടപെടലുകളും നമ്മുടെ പൈതൃകത്തിനും സംസ്കാരത്തിനും വിരുദ്ധമാണ്. പൊലീസിന്റെ അമിതാധികാരം പ്രയോഗിക്കേണ്ട വേദിയല്ല ഉത്സവ പറമ്പുകൾ. നല്ല പരിചയവും ആൾക്കൂട്ടങ്ങളെ സമർത്ഥമായി നിയന്ത്രിക്കാൻ കഴിവുള്ള പൊലീസുകാരെ വേണം അവിടെ ഡ്യൂട്ടിക്കു നിയോഗിക്കാൻ. കഴിഞ്ഞ തൃശൂർ പൂരത്തിന് സംസ്ഥാനത്തെ മന്ത്രിമാർക്കു പോലും പ്രശ്നത്തിൽ ഇടപെടാൻ കഴിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. കാര്യങ്ങൾ ശരിയായി കൈകാര്യം ചെയ്യാനറിയാത്ത പൊലീസിനായിരുന്നു അവിടെ സർവ്വാധിപത്യം. പൂരം കലക്കലിന്റെ തുടരന്വേഷണം ഭാവിയിൽ ഇതുപോലെയുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ തടയുന്നതിനാവശ്യമായ ശുപാർശകൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാകണം. അതിനു ഏറ്റവും യോജിച്ചത് ജുഡിഷ്യൽ അന്വേഷണം തന്നെയാണ്.