p

തിരുവനന്തപുരം: കേരളത്തിൽ ആണവനിലയത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾക്ക് പകരം വിദഗ്ദ്ധമായ പഠനങ്ങളും ചർച്ചകളുമാണ് ആവശ്യമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കേരളത്തിൽ ആണവനിലയം അനിവാര്യമോ എന്ന വിഷയത്തിൽ ശാസ്ത്രവേദി സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണപക്ഷം 'യെസ്' പറയുന്നതിലും പ്രതിപക്ഷം 'നോ' പറയുന്നതിലും ചർച്ചകൾ ഒതുങ്ങരുത്. ഗവേഷണങ്ങൾ മനുഷ്യനന്മയ്ക്കും പുരോഗതിക്കും വേണ്ടിയാകണം.

മനുഷ്യന്റെ ഇടപെടൽമൂലം കാലാവസ്ഥാവ്യതിയാനം ഉണ്ടായ സാഹചര്യത്തിലാണ് സൗരോർജം പോലുള്ള സ്രോതസുകൾ ഉപയോഗിക്കുന്നത്. ഇവയ്ക്കും മനുഷ്യന്റെ അടിസ്ഥാന ഊർജ ആവശ്യം തൃപ്തിപ്പെടുത്താൻ പറ്റാതായതോടെയാണ് ആണവോർജത്തെക്കുറിച്ച് ചിന്തിക്കേണ്ടത്.

അധികം റേഡിയോ ആക്ടിവിറ്റിയില്ലാത്തതും മാലിന്യം പുറംതള്ളാത്തതുമായ ഫ്യൂഷൻ പ്രക്രിയയെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. ചെർണോബ്,ഫുക്കുഷിമ എന്നിവിടങ്ങളിലെ ആണവദുരന്തങ്ങൾ മനസിൽവച്ച് കേരളത്തിന്റെ ജനസാന്ദ്രത, അപകടം സംഭവിച്ചാൽ ചെയ്യാവുന്ന രക്ഷാപ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്ത് മാത്രമേ പദ്ധതി ആവിഷ്കരിക്കാവൂ. വയനാട് ദുരന്തത്തിന് ശേഷം ഒരു പ്രശ്നം ഉണ്ടാകുമ്പോൾ പരസ്പരം പഴിക്കാതെ മുന്നോട്ടുപോകാനുള്ള സംസ്കാരം നാം പഠിച്ചെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രവേദി സംസ്ഥാന പ്രസിഡന്റ് അച്യുത്ശങ്കർ എസ്. നായർ അദ്ധ്യക്ഷനായി. ഡോ. ആർ.വി.ജി.മേനോൻ, കൂടംകുളം എൻ.പി.സി.എൽ സയന്റിഫിക് ഓഫീസർ എ.വി.സതീഷ്, ഡോ.ജോർജ് വ‌ർഗീസ്, കെ.വിമലൻ, ഡോ.പ്രവീൺ സാകല്യ, ജെ.എസ്.അടൂർ, പി.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.