ktda

കാട്ടാക്കട: വിദ്യാർത്ഥികളെ കയറ്റാൻ നിറുത്തിയിട്ടിരുന്ന സ്കൂൾ ബസിനു പിന്നിൽ ടാങ്കർ ലോറിയിടിച്ച് 11കുട്ടികൾക്ക് പരിക്കേറ്റു. ആമച്ചൽ കുച്ചപ്പുറം സെന്റ് മാത്യൂസ് എൽ.പി സ്കൂളിലെ ബസിനു പിറകിലാണ് വാട്ടർ ടാങ്കർ ലോറി ഇടിച്ചത്.റോഡ് പണിക്ക് വെള്ളം കൊണ്ടുവന്ന ടാങ്കർ ലോറിയാണ് അപകടമുണ്ടാക്കിയത്.

ഇന്നലെ രാവിലെ 9ഓടെയായിരുന്നു സംഭവം.വിദ്യാർത്ഥിയെ കയറ്റുന്നതിനായി ആമച്ചൽ ആലമൂട് സമീപം ബസ് നിറുത്തിയപ്പോൾ അമിത വേഗതയിൽ പിന്നാലെയെത്തിയ ടാങ്കർ ലോറി ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു.സംഭവ സമയത്ത് സ്കൂൾ ബസിൽ ‌30ലേറെ വിദ്യാ‌ർത്ഥികളും ആയയും ഡ്രൈവറുമാണുണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തിൽ ബസിൽ തന്നെ തെറിച്ചുവീണ കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്.ഉടൻ തന്നെ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ ആമച്ചൽ ഗവ.ആശുപത്രിയിലും സാരമായി പരിക്കേറ്റവരെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിദ്യാർത്ഥികളായ റിയാന(7),ശിവാത്മിക(7),ആയുഷ് ആർ.അഖിലേഷ്(7),ഹർഷൻ(7), അനന്യ(7),സൂര്യനന്ദൻ(8),നഥാനിയേൽ എസ്.സുനിൽ(9),അഭിനന്ദ(7),മെലാനിയ മനു(8),അൻവിൻ രാഗ്(7),മുഹമ്മദ് അസ്‌ലം(8),രുദ്ര പ്രയാഗ്(7),മിത്ര(9)എന്നിവർക്കാണ് പരിക്കേറ്റത്.മൂന്ന് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.സംഭവത്തിനുശേഷം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.കാട്ടാക്കട പൊലീസ് കേസെടുത്തു.