കല്ലറ: തേങ്ങയുടെയും എണ്ണയുടെയും വിലയിലെ കുതിപ്പ് തുടരുകയാണ്. ഒരു കിലോ തേങ്ങയ്ക്ക് 65 രൂപ നിരക്കിലാണ് ഇപ്പോൾ ചില്ലറ വില്പന. തേങ്ങ വില കൂടിയതോടെ എണ്ണവിലയും വർദ്ധിച്ചു. ഓണത്തിന് മുൻപേ കിലോയ്ക്ക് 180 രൂപയായിരുന്ന എണ്ണ വില കഴിഞ്ഞ ദിവസം 250ൽ എത്തി. ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. പാലക്കാട് ജില്ലയിലെ ചെറുകിട കർഷകരിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് പ്രധാനമായും നാളികേരമെത്തുന്നത്. കഴിഞ്ഞ മാസങ്ങളിൽ നാളികേരത്തിന് കിലോയ്ക്ക് 30 മുതൽ 34 രൂപ വരെയായിരുന്നു വില. ഓണവിപണിയിൽ 35മുതൽ 37 വരെയായി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വില വീണ്ടും വർദ്ധിച്ച് 65 രൂപയിലെത്തി. രണ്ടുദിവസം കൊണ്ടാണ് വില വീണ്ടും ഉയർന്നത്. ഓണക്കാലത്ത് വില ഉയർന്നപ്പോൾ ഭൂരിഭാഗം കർഷകരും തേങ്ങ വിറ്റു. ഇതോടെ പച്ചത്തേങ്ങ കിട്ടാനില്ലാത്ത സ്ഥിതിയായി. മൊത്തവ്യാപാരികൾ പാലക്കാട്ടെത്തി കിലോയ്ക്ക് 38 രൂപവരെ നൽകി തോട്ടങ്ങളിൽ നിന്ന് തേങ്ങ എടുക്കുകയാണ്. ജില്ലയിൽ ഒരുമാസം മുൻപ് വിപണിയിലെ ചില്ലറ വില്പനവില 35 രൂപയിൽ താഴെയായിരുന്നു.
ഓണത്തിന് മുൻപ് -180
ഇപ്പോൾ - 250
തേങ്ങ വില വർദ്ധനവ് : തേങ്ങയ്ക്ക് വില കൂടിയതോടെ വെളിച്ചെണ്ണയ്ക്കും വില ഉയർന്നു. മില്ലുകളിൽ ലിറ്ററിന് 180 - 200 രൂപയായിരുന്ന വെളിച്ചെണ്ണ വില 240 -250വരെ എത്തി. നാളികേര വില 65 രൂപയിലെത്തിയെങ്കിലും ഉത്പാദനം പാതിയിൽ താഴെയായതിനാൽ കർഷകർക്കും നേട്ടമില്ല.
പ്രതികരണം-
50 തെങ്ങുണ്ടെങ്കിൽ പകുതി എണ്ണത്തിലേ ഇപ്പോൾ തേങ്ങ ഇടാനുള്ളൂ. കായ്ഫലം നന്നേ കുറവാണ്. ശരാശരി ഒരു തെങ്ങിൽ നിന്ന് 30 തേങ്ങ ലഭിക്കേണ്ടത് പത്തായി കുറഞ്ഞു. ഉത്പാദനക്കുറവിന് പുറമേ മലയോരമേഖലകളിൽ കുരങ്ങും മലയണ്ണാനും വ്യാപകമായി തേങ്ങ നശിപ്പിക്കുന്നതും പ്രതിസന്ധിയിലാക്കുന്നു.
കേര കർഷകൻ