
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ സ്വകാര്യ ഹർജി. ഇതിന്മേൽ ഒക്ടോബർ ഒന്നിന് വിശദീകരണം നൽകാൻ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാരയാണ് കേസ് പരിഗണിച്ചത്. തലസ്ഥാനത്ത് കവടിയാറിൽ സെന്റിന് 70 ലക്ഷം രൂപ വിലയുള്ള 22സെന്റ് ഭൂമി അജിത്കുമാറും ബിനാമിയായ ഭാര്യാസഹോദരനും ചേർന്ന് വാങ്ങിയെന്നും അതിൽ 12,000 സ്‌ക്വയർ ഫീറ്റ് കെട്ടിടം നിർമ്മിക്കുന്നെന്നുമാണ് പ്രധാന ആരോപണം. സോളാർ, സ്വർണ്ണക്കടത്ത് കേസുകളിൽ വിചാരണ ഒഴിവാക്കാൻ കൈക്കൂലിയായി വാങ്ങിയ പണം ഉപയോഗിച്ചാണിതെന്നാണ് ഹർജിയിലുള്ളത്. ഇതിനു പി. ശശിയുടെ സഹായമുള്ളതായും അഭിഭാഷകനായ നെയ്യാറ്റിൻകര പി. നാഗരാജ് നൽകിയ ഹർജിയിലുണ്ട്. ഇരുവരുടെയും സ്വത്തുവിവരം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമാനമായ പരാതി വിജിലിൻസ് ഡയറക്ടർക്ക് ലഭിച്ചിട്ടുണ്ടോ, അന്വേഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് കോടതി റിപ്പോർട്ട് തേടിയത്.