
മലയാള സിനിമയുടെ സൂപ്പർ വർഷത്തിൽ ഒാണത്തിനും കോടി കിലുക്കം. കിഷ്‌കിന്ധാകാണ്ഡം, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങൾ കോടി ക്ളബ് കയറി. അജയന്റെ രണ്ടാം മോഷണം ആഗോലതലത്തിൽ 83 കോടി നേടി. കിഷ് കിന്ധാ കാണ്ഡം 50 കോടി പിന്നിട്ടു. ഇരുചിത്രങ്ങളും മികച്ച കളക്ഷനുമായി മുന്നേറുന്നതിന്റെ ആവേശത്തിലാണ് മലയാള ചലച്ചിത്രലോകം . ഒൻപതുമാസം പിന്നിടുമ്പോൾ മലയാളത്തിൽ 13 ചിത്രങ്ങളാണ് സൂപ്പർ വിജയം നേടുന്നത്. അബ്രഹാം ഒാസ്ളർ. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, വർഷങ്ങൾക്കുശേഷം , ആവേശം, ഗുരുവായൂരമ്പലനടയിൽ , തലവൻ, വാഴ, നുണക്കുഴി , എ.ആർ.എം, കിഷ്‌കിന്ധാകാണ്ഡം എന്നിവയാണ് ചിത്രങ്ങൾ. മഞ്ഞുമ്മൽ ബോയ്സ് 240 കോടി നേടി മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. പ്രേമലു, ഗുരുവായൂരമ്പലനടയിൽ , ആടുജീവിതം , ആവേശം എന്നീ ചിത്രങ്ങൾ നൂറുകോടി ക്ളബിൽ ഇടംപിടിച്ചു. ആസിഫ് അലിയുടെ കരിയറിലെ ആദ്യ 50 കോടി ക്ളബ് ചിത്രമാണ് കിഷ്‌കിന്ധാകാണ്ഡം. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം മികച്ച തിരക്കഥയിൽ രൂപം കൊണ്ട കലാസൃഷ്ടിയാണ്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണത്തിൽ മൂന്നു വേഷത്തിലാണ് ടൊവിനോ തോമസ് എത്തുന്നത്. നൂറ് കോടി ക്ളബ് കയറുമെന്ന് ഉറപ്പാണ്. 1500 കോടി കടന്നിരിക്കുകയാണ് ഈ വർഷം മലയാള സിനിമയുടെ ആഗോളതല കളക്ഷൻ,4 കോടി ബഡ്ജറ്റിൽ നിർമ്മിച്ച വാഴ നാലിരട്ടി നേടികഴിഞ്ഞു. നവംബറിൽ മമ്മൂട്ടി, സുരേഷ് ഗോപി ചിത്രങ്ങൾ എത്തുന്നതിനാൽ ബോക്സ് ഒാഫീസിൽ ഇനിയും കോടി കിലുക്കം പ്രതീക്ഷിക്കാം.