arm

30കോടി മുടക്കി 100 കോടി ക്ലബിൽ കുതിക്കുന്നു

തിരുവനന്തപുരം: കുട്ടികളേയും കുടുംബങ്ങളേയും കൈയിലെടുത്ത 3ഡി വിസ്‌മയമായ എ.ആർ.എം (അജയന്റെ രണ്ടാം മോഷണം) 100 കോടി കളക്‌ഷൻ നേടി മുന്നേറുന്നു. രാജ്യത്തുടനീളം റിലീസ് ചെയ്ത ചിത്രം 15 ദിവസം കൊണ്ടാണ് ബോളിവുഡിനെയും ഞെട്ടിച്ച് ബോക്സ്

ഓഫീസിൽ കുതിക്കുന്നത്. ഹിന്ദി ഉൾപ്പെടെയുള്ള മറ്രു ഭാഷാ പതിപ്പുകളും ഹിറ്റാണ്.

മാജിക് ഫ്രെയിംസിന്റെ നിർമ്മാണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്‌ഷനാണിത്. 30 കോടിയാണ് ബഡ്ജറ്റ്.

സംവിധാനം നവാഗതനായ ജിതിൻ ലാൽ. രചന സുജിത്ത് നമ്പ്യാർ.

മൂന്ന് തലമുറകളിൽ നടക്കുന്ന കഥ വളരെ പതുക്കെയാണ് ചുരുളഴിയുന്നത്. അതാകട്ടെ പ്രേക്ഷകരെ മുൾമുനയിൽ നിറുത്തുന്നു.

ധീരയോദ്ധാവായ കുഞ്ഞിക്കേളു, പെരുങ്കളളൻ മണിയൻ, അജയൻ എന്നീ വേഷങ്ങളിലെത്തുന്നത് ടോവിനോ ആണ്. ഓരോ കഥാപാത്രത്തെയും തൻമയത്വമുള്ള ഭാവപ്പകർച്ചകളോടെ അവതരിപ്പിക്കുന്നത് ടോവിനോ തോമസിന്റെ പ്രതിഭ അടയാളപ്പെടുത്തുന്നു.

മൂന്ന് കാലഘട്ടങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന മനോഹര പ്രണയ രംഗങ്ങളും സിനിമയെ ആകർഷണീയമാക്കുന്നു. അജയന്റെ പ്രണയിനിയായി കൃതി ഷെട്ടിയും കുഞ്ഞിക്കേളുവിന്റെ പ്രണയിനിയായി ഐശ്വര്യ രാജേഷും മണിയന്റെ ഭാര്യ മാണിക്യമായി സുരഭി ലക്ഷ്‌മിയും എത്തുന്നു.

മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുടുംബങ്ങളും കുട്ടികളും ഒരുപോലെ സ്വീകരിച്ച 3ഡി മലയാള ചിത്രമാണിത്. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത അഡ്വഞ്ചർ ഫാന്റസി ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ബുക്ക് മൈഷോ വഴി മാത്രം ചിത്രം കണ്ടവർ 18 ലക്ഷം കവിഞ്ഞു.