
നേമം: നിക്ഷേപകർക്ക് പണം നൽകാതെ ബാങ്ക് അധികൃതർ ഒഴിഞ്ഞുമാറുന്നതിനെതിരെ നേമം സർവീസ് സഹകരണബാങ്കിന് മുന്നിൽ പ്രതിഷേധം കനക്കുന്നു.നിക്ഷേപ സഹകരണ കൂട്ടായ്മ രക്ഷാധികാരി എസ്.മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ ഇന്നലെ ബാങ്കിന് മുന്നിൽ പ്രതിഷേധവും ഉപവാസ സമരവും നടത്തി.പൊലീസ് സ്ഥലത്തെത്തി പിരിഞ്ഞ് പോകാനാവശ്യപ്പെട്ടെങ്കിലും സമരക്കാർ തയ്യാറായില്ല.ഒടുവിൽ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ബാങ്ക് അധികൃതരുമായി വെള്ളിയാഴ്ച രാവിലെ 11ന് ചർച്ചയ്ക്ക് അവസരമുണ്ടാക്കാമെന്ന ഉറപ്പിനെ തുടർന്ന് വൈകിട്ട് 5ഓടെ ഉപവാസസമരം അവസാനിപ്പിക്കുകയായിരുന്നു.
നിക്ഷേപകർക്ക് പണം തിരിച്ചു നൽകുക,പിരിഞ്ഞു കിട്ടുന്ന പണം ഏകപക്ഷീയമായി സ്വന്തക്കാർക്കും പാർട്ടിക്കാർക്കും മാത്രം നൽകുന്ന ബാങ്ക് അധികൃതരുടെ ഏകപക്ഷീയ നടപടി നിറുത്തലാക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപവാസസമരം.സാധുസംരക്ഷണ സമിതി സെക്രട്ടറി ശാന്തിവിള സുബൈർ ഉദ്ഘാടനം ചെയ്തു. നിക്ഷേപക കൂട്ടായ്മ കൺവീനർ കൈമനം സുരേഷ്,കെ.എൻ.വേണുഗോപാൽ,ശാന്തിവിള വിനോദ്,അഖില,വാസുദ്ദീൻ എന്നിവരും ഇരുന്നൂറോളം നിക്ഷേപകരും പങ്കെടുത്തു.ബാങ്ക് അധികൃതരുമായി ഇന്ന് നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ നിക്ഷേപസഹകരണ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ റിലേ സത്യഗ്രഹ സമരവുമായി മുന്നോട്ടു പോകുമെന്ന് എസ്.മുജീബ് റഹ്മാൻ(കൂട്ടായ്മ രക്ഷാധികാരി) അറിയിച്ചു.