ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിലെ കിഴക്കേ നാലുമുക്കിൽ ട്രാഫിക്ക് സംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയ പാതയിൽ ട്രാൻസ്പോർട്ട്, സ്വകാര്യ ബസ് സ്റ്റാൻഡുകളുടെ നടുവിൽ നാല് റോഡുകൾ സന്ധിക്കുന്ന ഇവിടെ ട്രാഫിക്ക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എപ്പോഴും കത്തുന്നത് മഞ്ഞ നിറം മാത്രം. ഗവ. കോളേജ്, ഹയർസെക്കൻഡറി സ്കൂൾ, ഡി.ഇ ഓഫീസ് തുടങ്ങി അനേകം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. റോഡിൽ അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകുന്ന റിഫ്ലക്ടറുകളില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. ഇത് രാത്രികാല വാഹന യാത്രയെയും ദുഃസഹമാക്കുന്നു. പലപ്പോഴും ഡിവൈഡറുകളിൽ വാഹനങ്ങളിടിച്ച് അപകടങ്ങളുണ്ടാവുന്നത് പതിവാണ്. റോഡിന് മദ്ധ്യത്തിൽ രണ്ടായി തിരിക്കാൻ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിലിടിച്ച് അപകടങ്ങൾ പതിവായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചെറു വാഹനങ്ങൾ ഡിവൈഡറിലിടിച്ചു കയറിയാൽ വാഹനത്തിന്റെ എൻജിനടക്കം തകരാർ സംഭവിക്കുന്നു.

ഡിവൈഡ‌ർ അപകടമുണ്ടാക്കുന്നു

ബസ് സ്റ്റാൻഡിന് മുന്നിലെ ഡിവൈഡർ നിർമ്മാണത്തിലെ അശാസ്ത്രീയതയും അപകടം ക്ഷണിച്ചു വരുത്തുന്നു. ബസ് സ്റ്റാൻഡിന് മുന്നിലെ കുറച്ച് ഭാഗങ്ങളിൽ ഡിവൈഡറുകളില്ല, യാതൊരു മുന്നറിയിപ്പ് ബോർഡുകളോ റിഫ്ലക്ടറുകളോ ഇല്ലാത്തതിനാൽ വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് ഡിവൈഡർ കാണുന്നത്. ഇതിനിടെ മുന്നോട്ടു പോകുന്ന വാഹനം ഡിവൈഡറിൽ ഇടിച്ചിട്ടുണ്ടാകും. വാഹനങ്ങൾ നിരവധി തവണ ഇടിച്ചുകയറി ഡിവൈഡറുകൾ തന്നെ തകർന്ന നിലയിലാണിപ്പോൾ.