വെഞ്ഞാറമൂട്: കിണറ്റിൽ വീണ ആടിനും ആടിനെ രക്ഷിക്കാനിറങ്ങി ഉടമയ്ക്കും രക്ഷകരായി ഫയർഫോഴ്സ്. പിരപ്പൻകോട് കൂത്തുപറമ്പ് കിഴക്കേവിള വീട്ടിൽ അനിൽകുമാറും ഇയാളുടെ ആടുമാണ് കിണറ്റിൽ കുടുങ്ങിയത്. വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ആയിരുന്നു സംഭവം. മൺതിട്ടക്ക് സമീപം മേയാൻ കെട്ടിയിരുന്ന ആടിന്റെ കയർ അഴിഞ്ഞ് കുതറിയോടുന്നതിനിടയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. തുടർന്ന് സൈനികൻ കൂടിയായ അനിൽകുമാർ ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയെങ്കിലും 50 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ നിന്നും പുറത്ത് കടക്കാനായില്ല. ഇതോടെ വീട്ടുകാർ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി ആടിനെയും അനിൽ കുമാറിനെയും കരക്കെടുക്കുകയായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ സുരേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ നജിമോൻ, ഷഫീക്ക്,സന്ദീപ്, ഹോം ഗാർഡുമാരായ മനോജ്,ആനന്ദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.