photo

ടെൻഡർ നടപടികൾ അന്തിമഘട്ടത്തിൽ
നിർമ്മാണം 2.17 ഏക്കർ സ്ഥലത്ത്

26.11 കോടി ചെലവ്

നെടുമങ്ങാട്: ചന്ത സമരത്തിലൂടെ ചരിത്രത്തിൽ ഇടം ലഭിച്ച നെടുമങ്ങാട് മാർക്കറ്റ് ആധുനിക വത്കരിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. നാലു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാർക്കറ്റ് സമുച്ചയമാണ് യാഥാർത്ഥ്യമാവുന്നത്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 2.17ഏക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന പഴയ മാർക്കറ്റ് പൊളിച്ചു മാറ്റി കിഫ്ബി ഫണ്ട് വിനിയോഗിച്ച് 71,000 സ്ക്വയർ ഫീറ്റിൽ 26.11കോടി രൂപ ചെലവിട്ടാണ് ആധുനിക മാർക്കറ്റിന്റെ നിർമ്മാണം. 2019നവംബറിൽ 18 കോടിയുടെ ഭരണാനു ലഭിച്ച പദ്ധതി കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി ഇക്കഴിഞ്ഞ 6ന് റിവൈസ്ഡ് എഫ്.എസിലൂടെ തുക 26.11കോടി രൂപയായി ഉയർത്തുകയായിരുന്നു. 23ന് ടെൻഡർ നടപടികൾ പൂർത്തിയായി. ഇന്നലെ ടെൻഡർ പബ്ലിഷ് ചെയ്തു. ഗ്രൗണ്ട് ഫ്ലോറിൽ 48 ഫിഷ്, ഡ്രൈ ഫിഷ് സ്റ്റാളുകളും, ഇറച്ചി, ചിക്കൻ എന്നിവയുടെ വിൽപ്പനയ്ക്കായി 24 സ്റ്റാളുകളും ഉൾപ്പെടെ ആകെ 72കടകൾ പ്രവർത്തിക്കും.

മന്ദിരസമുച്ചയം ഇങ്ങനെ...

ഒന്നാം നിലയിൽ പഴം,പച്ചക്കറി,പലചരക്ക് കടകൾ, മൺപാത്ര സ്റ്റാളുകൾ, സ്റ്റേഷനറി സ്റ്റാളുകൾ, മറ്റ് അവശ്യസാധനങ്ങൾ വില്ക്കുന്ന കടകളുൾപ്പെടെ 112കടകളാണുള്ളത്. രണ്ടാം നിലയിൽ എട്ടു ഫുഡ് ഔട്ട്‍ലെറ്റുകളിലൂടെ 120 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ടും സ്റ്റാഫ് റൂമുകളും സർവീസ് ഏരിയയും. എല്ലാ നിലകളിലും അത്യാധുനിക ടോയ്‌ലെറ്റ് സൗകര്യം. മൂന്ന് പാസഞ്ചർ ലിഫ്റ്റുകളും ഒരു സർവീസ് ലിഫ്റ്റും. മഴവെള്ള സംഭരണി, ഫയർ എക്സിറ്റ്, 33 കിലോ വാട്‌സ് കപ്പാസിറ്റിയുള്ള സോളാർ പാനലുകൾ, ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ എന്നിവയും ഉൾപ്പെടും. ബേസ്മെന്റ് ഫ്ലോറിൽ ടുവീലർ, ഫോർവീലർ പാർക്കിംഗ് സൗകര്യവും ഇലക്ട്രിക്കൽ പാനൽ മുറിയും സജ്ജീകരിക്കും.ഓഫീസ് റൂം, സി.സി.ടി.വി കൺട്രോൾ റൂം, സെക്യൂരിറ്റി റൂം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

ശുചിത്വം ഉറപ്പാക്കും

മാർക്കറ്റിന്റെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി എല്ലാ നിലകളിലും കൃത്രിമ വെന്റിലേഷൻ സ്ഥാപിക്കും. അസംസ്കൃത മത്സ്യത്തിന്റെയും മാംസത്തിന്റെയും ഗന്ധം കുറയ്ക്കുന്നതിന് മെക്കാനിക്കൽ വെന്റിലേഷൻ സൗകര്യവും ഒരുക്കും. സ്‌പ്രിൻക്ളർ സിസ്റ്റത്തോടു കൂടിയ അത്യാധുനിക അഗ്നിസുരക്ഷാ സംവിധാനവും സജ്ജമാക്കും.ജൈവമാലിന്യ നിർമ്മാർജനത്തിന് ബയോഗ്യാസ് സംസ്കരണ പ്ലാന്റും നിർമ്മിക്കും.