കോവളം: ആഴാകുളം - മുട്ടയ്ക്കാട് മേഖലകളിൽ രാത്രി കാലങ്ങളിൽ മോഷണവും സാമൂഹ്യ വിരുദ്ധരുടെ ശല്യവും വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം ആഴാകുളം വൃന്ദാവനത്തിൽ റിട്ട.ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥൻ ഉണ്ണിക്കൃഷ്ണൻ നായരുടെ വീട്ടിലെ കിണറിൽ സ്ഥാപിച്ച മോട്ടോർ പമ്പ് മോഷണം പോയിരുന്നു. മുട്ടയ്ക്കാട് വലിയ കുളത്തിൻകരയ്ക്ക് സമീപം യുവതിയുടെ മാല പൊട്ടിച്ച സംഭവവും ഏതാനും മാസങ്ങൾക്കു മുമ്പാണ് നടന്നത്. ആഴാകുളം ചന്ദ്രികാഭവനിൽ രാജീവിന്റെ പുരയിടത്തിൽ സൂക്ഷിച്ച പമ്പ് സെറ്റ് മോഷണം പോയിട്ട് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പ്രദേശത്ത് രാത്രിയായാൽ ലഹരി സംഘങ്ങൾ തമ്പടിച്ച് തെരുവ് വിളക്കുകൾ എറിഞ്ഞുടയ്ക്കുന്നതായും നാട്ടുകാർ പറയുന്നു. മോഷണവും സാമൂഹ്യവിരുദ്ധശല്യവും വർദ്ധിച്ചിട്ടും കോവളം പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.