തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ റോഡ് മുറിച്ച് കടക്കവെ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മരിച്ച ഏജീസ് ഓഫീസ് റിട്ട. ഉദ്യോഗസ്ഥ എൻ. സാവിത്രിയുടെ സംസ്കാരം നടത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് 1ഓടെ വീട്ടിലെത്തിച്ച മൃതദേഹം, 3.30 ഓടെ മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്കരിച്ചു.
ജില്ലാ ട്രഷറിയിൽ നിന്ന് ഭർത്താവിന്റെ കുടുംബപെൻഷൻ വാങ്ങി മടങ്ങവേയാണ് ഏജീസ് ഓഫീസ് റിട്ട. അക്കൗണ്ട്സ് ഓഫീസർ മണക്കാട് കുത്തുകല്ലുംമൂട് ടി.സി 69/479 ശ്രീജ ഭവനിൽ എൻ.സാവിത്രി (78) മരിച്ചത്. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിന് സമീപത്തുള്ള റോഡ് മുറിച്ചുകടക്കാവെ ഡിവൈഡറിൽ നിന്ന് തെന്നിവീണ സാവിത്രിയുടെ തലയിലൂടെ കിഴക്കേകോട്ടയിലേക്കു പോകുകയായിരുന്ന ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം നടത്തി.
അമ്മയുടെ മരണവിവരം അറിഞ്ഞെത്തിയ മക്കളായ ഡോ.ശ്രീജയും ശ്രീജിത്തും മരുമക്കളായ ഡോ.ബിനുവും ഗോപികയും ചേർന്നാണ് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. വാർഡ് കൗൺസിലർ സജുലാൽ, വെമ്പായം പഞ്ചായത്ത് കൊഞ്ചിറ വാർഡ് മെമ്പർ എൻ.സതീശൻ, സാവിത്രിയുടെ സഹോദരനും സി.പി.എം വെമ്പായം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പുഷ്പരാജൻ, സി.പി.എം ആറ്റുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ജയൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.