വിതരണം നിറുത്തിവയ്ക്കുന്നത് 29ന് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ
തിരുവനന്തപുരം: നഗരത്തെ വലയ്ക്കാൻ കുടിവെള്ള വിതരണ മുടക്കവുമായി വീണ്ടും വാട്ടർ അതോറിട്ടി. ഇത്തവണ 29ന് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി തടസപ്പെടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.അരുവിക്കര 86 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിലെ വാൽവുകളിലുണ്ടായ ചോർച്ച പരിഹരിക്കാനാണ് ജലവിതരണം നിറുത്തുന്നത്.ഇത് നഗരത്തിലെ ഏറക്കുറെ മുഴുവൻ വാർഡുകളെയും ബാധിക്കും.
നാഗർകോവിലിലേക്കുള്ള റെയിൽവേപ്പാത നവീകരണത്തിന്റെ ഭാഗമായി നേമം,ഐരാണിമുട്ടം ഭാഗങ്ങളിലേക്കുള്ള പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റത്തിനുള്ള പണികളെ തുടർന്ന് ജലവിതരണം നിറുത്തിവച്ചത് ഒരാഴ്ചയോളം നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളെയും ദുരിതത്തിലാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് നഗരത്തെ പൂർണമായി ബാധിക്കുന്ന തരത്തിൽ വീണ്ടുമൊരു കുടിവെള്ള മുടക്കം വാട്ടർ അതോറിട്ടി അറിയിച്ചിരിക്കുന്നത്.
എന്നാൽ, നഗരത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും തടസമുണ്ടാകുമെങ്കിലും ഇത്തവണ വലിയതോതിൽ ജനങ്ങളെ ബാധിക്കാനിടയില്ലെന്നാണ് അധികൃതർ പറയുന്നത്.അരുവിക്കരയിലെ നാല് പ്ലാന്റുകളിൽ ഒന്നിലെ പ്രശ്നം പരിഹരിക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നത് മറ്റുള്ള മൂന്ന് പ്ലാന്റുകളിലെയും പ്രവർത്തനം സാധാരണ നിലയിലായിരിക്കും.ഇതിലൂടെ വെള്ളയമ്പലം,പി.ടി.പി നഗർ,ഐരാണിമുട്ടം, മൺവിള തുടങ്ങിയ പ്ലാന്റുകളിൽ ആവശ്യത്തിന് വെള്ളം ഉറപ്പാക്കാനാകും.
അതേസമയം, വാൽവുകളും പൈപ്പുകളും പഴയതായതിനാൽ പണി നീളുമോയെന്നും പറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാക്കാനാകുമോയെന്നും സംശയമുയർത്തിയിട്ടുണ്ട്.
ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ
വഴയില,ഇന്ദിര നഗർ,പേരൂർക്കട,ഊളമ്പാറ,ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, സ്വാതി നഗർ,സൂര്യനഗർ,പൈപ്പിൻ മൂട്,ജവഹർ നഗർ,ഗോൾഫ് ലിംഗ്സ്,കവടിയാർ,ദേവസ്വം ബോർഡ് ജംഗ്ഷൻ,നന്തൻകോട്,കുറവൻകോണം,ചാരാച്ചിറ,പ്ലാമൂട്,പട്ടം,കേശവദാസപുരം,ഗൗരീശപട്ടം,പരുത്തിപ്പാറ,മുട്ടട,അമ്പലമുക്ക്,ചൂഴമ്പാല,മുക്കോല,നാലാഞ്ചിറ,മണ്ണന്തല,ശ്രീകാര്യം, എൻജിനിയറിംഗ് കോളേജ്,ഗാന്ധിപുരം,ചെമ്പഴന്തി,പൗഡിക്കോണം,കേരളാദിത്യപുരം,കട്ടേല,മൺവിള, മണക്കുന്ന്,ആലത്തറ,ചെറുവയ്ക്കൽ,ഞാണ്ടൂർക്കോണം,തൃപ്പാദപുരം,ചെങ്കോട്ടുകോണം,കഴക്കൂട്ടം, ടെക്നോപാർക്ക്,സി.ആർ.പി.എഫ് ക്യാമ്പ്,പള്ളിപ്പുറം,പൊട്ടക്കുഴി,മുറിഞ്ഞപാലം,കുമാരപുരം,മെഡിക്കൽ കോളേജ്, പുലയനാർകോട്ട,കണ്ണമ്മൂല,കരിക്കകം,ഉള്ളൂർ,പ്രശാന്ത് നഗർ,പോങ്ങുമ്മൂട്, ആറ്റിപ്ര,കുളത്തൂർ,
പൗണ്ട് കടവ്,കരിമണൽ,കുഴിവിള,വെട്ടുറോഡ്,കാട്ടായിക്കോണം,പുത്തൻപള്ളി,ആറ്റുകാൽ,വലിയതുറ, പൂന്തുറ,ബീമാപള്ളി,മാണിക്യവിളാകം,മുട്ടത്തറ,പുഞ്ചക്കരി,കരമന,ആറന്നൂർ,മുടവൻമുകൾ, നെടുംകാട്,കാലടി,പാപ്പനംകോട്,മേലാംകോട്,പൊന്നുമംഗലം,വെള്ളായണി,എസ്റ്റേറ്റ്,നേമം,പ്രസാദ് നഗർ, തൃക്കണ്ണാപുരം,പുന്നയ്ക്കാമുകൾ,തിരുമല,വലിയവിള,പി.ടി.പി നഗർ,കൊടുങ്ങാനൂർ,കാച്ചാണി,നെട്ടയം, വട്ടിയൂർക്കാവ്,കാഞ്ഞിരംപാറ,പാങ്ങോട്,തുരുത്തിമൂല എന്നീ പ്രദേശങ്ങളിലെ ജലവിതരണമാണ് മുടങ്ങുക. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.