പാലോട്: ലഹരി മാഫിയ സംഘങ്ങൾ ഗ്രാമീണ മേഖലകളിൽ വീണ്ടും പിടിമുറുക്കുന്നു. ചാരായ വാറ്റ് വനമേഖലയുടെ മുക്കിനും മൂലയിലും സജീവമായിക്കൊണ്ടിരിക്കുകയാണ്. ആദിവാസി ഗ്രാമീണ മേഖലയുടെ വികസനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കുമ്പോഴും, ലഹരി സംഘങ്ങളുടെ ചൂഷണത്തിനിരയായി ജീവിതം അവസാനിപ്പിക്കുന്ന യുവതയുടെ എണ്ണം വർദ്ധിക്കുന്നത് വേണ്ടപ്പെട്ട അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ല. നിരവധി ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നെങ്കിലും ലഹരി മാഫിയയെ അമർച്ചചെയ്യാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. ചൂഷണങ്ങൾക്ക് ഇരകളായി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത പെൺകുട്ടികളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. ഒരു വർഷത്തിനിടെ പതിനഞ്ചോളം പെൺകുട്ടികൾ മരണപ്പെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. മാനസിക സംഘർഷങ്ങൾക്കടിമപ്പെട്ട് മരണംവരിച്ച യുവാക്കളുടെ എണ്ണവും കുറവല്ല. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളാണ് അധികവും. ട്രൈബൽ സെറ്റിൽമെന്റ് കോളനിയിലും പരിസരത്തുമായി നിരവധി യുവാക്കൾ ലഹരി സംഘങ്ങളുടെ കെണിയിൽ കുടുങ്ങി ജീവനൊടുക്കിയ സംഭവം വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. നിലവിൽ ഇതേ മേഖലകളിൽ വ്യാജ മദ്യനിർമ്മാണം തകൃതിയാണ്.

നടപടികളില്ല

നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട് പഞ്ചായത്തുകളിലെ വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മുന്തിയയിനം കാറുകളിലും ഇരുചക്രവാഹനങ്ങളിലുമെത്തുന്ന സംഘം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഈ പ്രദേശങ്ങളിൽ തമ്പടിച്ചാണ് വില്പന നടത്തുന്നത്. മൈലമൂട് സുമതി വളവ് വരെയും നന്ദിയോട് പഞ്ചായത്തിലെ ഉൾപ്രദേശങ്ങളുമാണ് ഇത്തരക്കാരുടെ വിഹാരകേന്ദ്രങ്ങൾ. നിരവധി തവണ നാട്ടുകാർ എക്സൈസിൽ വിവരമറിയിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. പൊലീസിന്റെ ഭാഗത്തു നിന്ന് അടിയന്തരമായി നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാലോട്ട് എക്സൈസ് ഓഫീസ് എന്ന ആവശ്യം

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എ.കെ.ബാലൻ പ്രഖ്യാപിച്ച എക്സൈസ് റേഞ്ച് ഓഫീസും ലഹരിവിമുക്ത കേന്ദ്രവും വാക്കിൽ തന്നെ ഒതുങ്ങിയ മട്ടാണ്. ലഹരി ഉപയോഗത്താൽ ആദിവാസി മേഖലകളിൽ ആത്മഹത്യകൾ പെരുകിയതിനെ തുടർന്ന് മന്ത്രി ആദിവാസി ഊരുകൾ സന്ദർശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം. അടുത്തടുത്ത സമയത്ത് നാല് പെൺകുട്ടികൾ ആത്മഹത്യ ചെയ്തപ്പോൾ പാലോട്ട് എക്സൈസ് ഓഫീസ് ഉടനെന്ന് വീണ്ടും പ്രഖ്യാപനമെത്തിയിരുന്നു. അഡ്വ.ഡി.കെ.മുരളി എം.എൽ.എ എക്സൈസ് ഓഫീസ് ആവശ്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.