വിതുര: തൊളിക്കോട് നന്ദിയോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ തൊളിക്കോട്-തുരുത്തി- കാലങ്കാവ്-നന്ദിയോട് റോഡിലൂടെ സൂക്ഷിച്ച് യാത്ര ചെയ്തില്ലെങ്കിൽ അപകടം ഉറപ്പാണ്. റോഡപകടങ്ങളെക്കാൾ കൂടുതൽ കാട്ടുപന്നികളാണ് അപകടമുണ്ടാക്കുന്നത്. കാട്ടുപന്നി ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേരുടെ ജീവനാണ് പൊലിഞ്ഞത്. അടുത്തിടെ നന്ദിയോട് നിന്നും ജോലികഴിഞ്ഞ് മടങ്ങിയ രണ്ട് യുവാക്കൾക്ക് കാലാങ്കാവിന് കാട്ടുപന്നി കുറുകേ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റിരുന്നു.രണ്ട് വർഷത്തിനിടയിൽ അപകടത്തിൽ അമ്പതിൽപരം പേർക്കാണ് പരിക്കേറ്റത്.ഇത്തരത്തിലുള്ള അനവധി അപകടങ്ങൾ അരങ്ങേറിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

കാട്ടുപന്നികൾ ഈ റൂട്ടിൽ വില്ലനാകുവാൻ തുടങ്ങിയിട്ട് വർഷങ്ങളേറയായി. പകലും കാലങ്കാവ് റൂട്ടിൽ ഇവയുടെ ശല്യം രൂക്ഷമാണ്. പുലർച്ചെ ടാപ്പിംഗിന് പുറപ്പെട്ടുന്ന ടാപ്പിംഗ് തൊഴിലാളികൾക്ക് പന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് കൃഷി നാശവുമുണ്ട്.

നിറയെ മാലിന്യം

ഇറച്ചിവേസ്റ്റ് ഉൾപ്പടെയുള്ള മാലിന്യങ്ങൾ ചാക്കിലും പ്ലാസ്റ്റിക്ക് കിറ്റുകളിലും നിറച്ച് നാഗരയിൽ നിക്ഷേപിക്കുക പതിവാണ്. മാലിന്യം കഴിക്കുവാനാണ് കാട്ടുപന്നികൾ ഇവിടെയെത്തുന്നത്. വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ എളുപ്പത്തിൽ പന്നികളെത്തും. തെരുവുനായ്ക്കളും ഇവിടെ തമ്പടിച്ചിട്ടുണ്ട്.മാലിന്യം കഴിക്കുവാനെത്തിയ നായകൾ വഴിപോക്കരെ ആക്രമിച്ച സംഭവവുമുണ്ട്.

തെരുവ് വിളക്കുകൾ മിഴിയടച്ചു

തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി, തേവൻപാറ മേഖലയിലെ തെരുവ് വിളക്കുകൾ കത്താതായിട്ട് മാസങ്ങളേറയായി. ഇരുട്ട് വ്യാപിക്കുന്നതോടെ വനത്തിൽനിന്നും വന്യമൃഗങ്ങൾ റോഡിലേക്കിറങ്ങും. കാട്ടുമൃഗശല്യം രൂക്ഷമായ പ്രദേശത്തെ തെരുവ് വിളക്കുകൾ കത്തിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ പഞ്ചായത്തിൽ പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.