
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക് - കോളനിമുക്ക് റോഡിൽ നിന്നും ഐരമൺനില ശിവ ക്ഷേത്രത്തിലേയ്ക്ക് പോകുന്ന റോഡിൽ അപകടകരമായ നിലയിൽ വൈദ്യുതി ലൈനുകൾ താഴ്ന്നു നിൽക്കുന്നു. ജെ.സി.ബി, ടിപ്പർ ലോറി തുടങ്ങി ഉയരമുള്ള വാഹനങ്ങൾ വൈദ്യുതി ലൈനിൽ ഉരസിയാണ് കടന്നുപോകുന്നത്. നിരവധിതവണ നാട്ടുകാരും വാർഡ് മെമ്പറുമുൾപ്പെടെ കല്ലമ്പലം കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിച്ചെങ്കിലും വൈദ്യുതി കമ്പികൾ ഉയർത്തി കെട്ടാൻ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ക്ഷേത്രം റോഡിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ റോഡിന് ഇനിയും ഉയരം വർദ്ധിക്കാനിടയുണ്ട്. ഈ ഭാഗത്ത് ലൈൻ കമ്പികൾ പൊട്ടി വീഴുന്നതും പതിവാണ്. എത്രയുംവേഗം വൈദ്യുതി കമ്പികൾ ഉയർത്തിക്കെട്ടി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.