
ഏതു യുദ്ധത്തിലും കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. പ്രത്യേകിച്ച്, സ്‌ത്രീകളും കുട്ടികളും. ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിലും മതമൗലിക സായുധ സംഘടനകൾ നടത്തുന്ന പ്രത്യാക്രമണങ്ങളിലും ഇരുപക്ഷത്തുമുള്ള സാധാരണ പൗരന്മാരാണ് ഏറ്റവുമധികം കൊല്ലപ്പെട്ടിട്ടുള്ളത്. ഗാസയിലെ യുദ്ധം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാകാൻ ഏതാനും ദിനങ്ങളെയുള്ളൂ. ഇതുവരെ നാൽപ്പതിനായിരത്തിലേറെപ്പേർ അവിടെ മരണമടഞ്ഞു. യുദ്ധം എന്നു തീരുമെന്ന് ആർക്കും പറയാനാവാത്ത രീതിയിൽ തുടരുകയാണ്. അതുപോലെ തന്നെ, യുക്രെയിൻ യുദ്ധം തുടങ്ങിയിട്ട് മൂന്നു വർഷം തികയാൻ ഏതാനും മാസങ്ങളേ ബാക്കിയുള്ളൂ. പതിനായിരക്കണക്കിനുപേർ അവിടെയും കൊല്ലപ്പെട്ടു. കൂലിപ്പട്ടാളക്കാരായി കൊണ്ടുപോയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും അതിൽ ഉൾപ്പെടുന്നു. ഇവിടെയും യുദ്ധം എന്നു തീരുമെന്ന് ആർക്കും പറയാനാവാത്ത അവസ്ഥയാണ്.
തുടങ്ങുന്ന യുദ്ധങ്ങളൊന്നും തീരുന്നില്ല എന്നതാണ് പുതിയ കാലത്തിന്റെ ഒരു വലിയ പ്രത്യേകത. അതിനിടയിലാണ് ലെബനൻ യുദ്ധം കൂടി തുടങ്ങിയിരിക്കുന്നത്. ലെബനനിലെ സായുധ സംഘമായ ഹിസ്‌ബുള്ളയെ സമൂലം തകർക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ എഴുന്നൂറോളം പേർ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകുകയാണ്. ഗാസയിലും ലെബനനിലും യുദ്ധം നടത്തുന്നത് ഇസ്രയേലാണ്. യുക്രെയിനിൽ റഷ്യയും. ഇസ്രയേലിന് അമേരിക്ക അതിശക്തമായ പിന്തുണ നൽകുന്നതിനാൽ യുദ്ധം അവസാനിപ്പിക്കുവാനുള്ള യു.എൻ രക്ഷാസമിതിയുടെ ഒരു ശ്രമവും വിജയിക്കുന്നില്ല. മറുവശത്ത് വീറ്റോ അധികാരമുള്ള റഷ്യയാണ് യുദ്ധം നടത്തുന്നത്. അതിനാൽ യു.എൻ രക്ഷാസമിതി ഈ യുദ്ധങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി മാറിയിരിക്കുന്ന അവസ്ഥയാണ്.
ഹമാസിനും ഹിസ്‌ബുള്ളയ്ക്കും ഹൂതികൾക്കുമെല്ലാം പിന്നിൽ ഇറാനാണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. അതിനാൽ ഇറാനിലേക്കും യുദ്ധം വ്യാപിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. പേജർ ആക്രമണങ്ങൾക്കു പിന്നാലെ തങ്ങളുടെ മുൻ പ്രസിഡന്റ് ഇബ്രാഹിം റൗസി ഹെലികോപ്‌റ്റർ അപകടത്തിൽ മരണമടഞ്ഞത് ഇത്തരമൊരു ആക്രമണത്തിലാവാമെന്നും അതിനു പിന്നിൽ മൊസാദിന്റെ കരങ്ങളാണെന്നും ഇറാൻ സംശയിക്കുന്നുണ്ട്. അതുപോലെ തന്നെ ഹമാസിന്റെ നേതാവ് ഇസ്‌മായിൽ ഹനിയ ഇറാന്റെ അതിഥിയായി എത്തിയപ്പോൾ കൊല്ലപ്പെട്ടതും ഇസ്രയേലിനെതിരെ ഒരു യുദ്ധത്തിന് ഒരുമ്പെടാൻ മതിയായ കാരണങ്ങളായി ഇറാൻ കണക്കാക്കിവരികയാണ്. ലെബനനിലെ വ്യോമാക്രമണത്തിനു പിന്നാലെ ഇറാൻ കൂടി യുദ്ധത്തിന്റെ ഭാഗമായാൽ പശ്ചിമേഷ്യ ആളിക്കത്തുന്ന സ്ഥിതിയാവും ഉണ്ടാവുക. കേരളത്തിൽ നിന്ന് ലക്ഷക്കണക്കിനാളുകൾ ജോലി തേടി പോയിട്ടുള്ള സ്ഥലങ്ങളാണ് ഇവയൊക്കെ. അതിനാൽ ഈ യുദ്ധങ്ങൾ നീണ്ടുപോകുന്നത് മാനസികമായും സാമ്പത്തികമായും നമ്മളെയും തളർത്താൻ പോന്നതാണ്.
പേജറുകളുടെയും വോക്കിടോക്കികളുടെയും സ്ഫോടനത്തിലൂടെ ലെബനനിൽ ഭീതി സൃഷ്ടിച്ചതിനു പിന്നാലെയാണ് ഇസ്രയേൽ വ്യോമാക്രമണത്തിന് തുടക്കമിട്ടിരിക്കുന്നത്. ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സായുധ സംഘടനകൾക്ക് ഗൾഫ് മേഖലയിൽ നിന്ന് ആവശ്യത്തിലേറെ ധനസഹായം ലഭിക്കുന്നുണ്ട്.
യുദ്ധങ്ങൾ അവസാനിക്കാത്തതിനു കാരണം യു.എൻ രക്ഷാസമിതിയിലെ ഭിന്നതയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് തന്നെ പരസ്യമായി പറഞ്ഞിരിക്കുകയാണ്. യു.എൻ സമിതികളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ ഘട്ടത്തിൽ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങളുമായെല്ലാം നല്ല ബന്ധം പുലർത്തുന്നതിനാലും, സമാധാന പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള രാജ്യമെന്ന നിലയിലും ഇന്ത്യയ്ക്ക് നിർണായക ഇടപെടലുകൾ നടത്താനാവും. പശ്ചിമേഷ്യയിൽ സമാധാനം നിലനിറുത്തേണ്ടത് ഇന്ത്യയുടെ കൂടി ആവശ്യമാണ്. ആ നിലയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ലോകം പ്രതീക്ഷിക്കുന്നുണ്ട്.