haritha-karmasena

സംസ്ഥാന വനിതാ കമ്മിഷൻ വ്യാഴാഴ്ച തിരുവനന്തപുരത്തെ ഹരിതകർമ്മ സേനാംഗങ്ങൾക്കുവേണ്ടി നടത്തിയ അദാലത്ത് ഈ മേഖല പൊതുവായി നേരിടുന്ന ചില പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടുകയുണ്ടായി. മുഖ്യമായും സ്ത്രീകൾക്കു പ്രാമുഖ്യമുള്ള തൊഴിൽ മേഖലയായതുകൊണ്ടാവാം അവരുടെ പല പ്രശ്നങ്ങൾക്കും വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്നത്. വലിയ തോതിൽ ആരോഗ്യഭീഷണി നേരിടുന്ന തൊഴിലിലാണ് ഹരിത കർമ്മസേനാംഗങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ സുരക്ഷിതത്വം നന്നേ കുറവാണ്. പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടികൂടാൻ സാദ്ധ്യത നിലനിൽക്കുമ്പോഴും ആവശ്യമായ പ്രതിരോധ ഔഷധങ്ങളോ സംരക്ഷണ ഉപകരണങ്ങളോ ലഭിക്കുന്നില്ല. അദാലത്തിൽ പങ്കെടുത്ത തിരുവനന്തപുരം ജില്ലയിലെ

ഇരുനൂറോളം സ്‌ത്രീകൾ തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതാവസ്ഥകളുടെ കലർപ്പില്ലാത്ത യാഥാർത്ഥ്യങ്ങളാണ് വനിതാ കമ്മിഷനു മുൻപിൽ നിരത്തിയത്.

മാസം മുഴുവൻ ഏതു പ്രതികൂല കാലാവസ്ഥയിലും പണിയെടുത്തിട്ടും പതിനായിരം രൂപ പോലും വേതനമായി നൽകുന്നില്ല. കൂടുതലും നല്ല വീട്ടുകാരായിരിക്കുമെങ്കിലും,​ ഹരിതകർമ്മ സേനാംഗങ്ങളെ പുച്ഛത്തോടും അവഗണനാ മനോഭാവത്തോടെയും വീക്ഷിക്കുന്നവർ ധാരാളമുണ്ട്. അപകടം പറ്റിയാലോ രോഗം ബാധിച്ചാലോ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി വേണം ഇവർ വിദഗ്ദ്ധ ചികിത്സ തേടാൻ. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളാണ് കൂടുതൽ. അതുകൊണ്ടാണ് ജീവിക്കാൻ മതിയായ വേതനം ലഭ്യമല്ലാതിരുന്നിട്ടും ഈ ജോലിക്ക് പ്രഭാതം വിടരുമ്പോഴേ അവർ വീടുവീടാന്തരം നടക്കുന്നത്. സേനാംഗങ്ങളുടെ വേതനം പതിനയ്യായിരം രൂപയായെങ്കിലും ഉയർത്തണമെന്ന നിർദ്ദേശം അദാലത്തിൽ ഉയർന്നുവന്നു. പരിഗണിക്കേണ്ട ആവശ്യം തന്നെയാണിത്. ഹരിതകർമ്മ സേനാംഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കാൻ അടുത്ത വർഷം വനിതാ കമ്മിഷൻ സർവേയും പഠന ഗവേഷണവും നടത്തുമെന്ന് കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പ്രഖ്യാപിച്ചിരുന്നു.

പഠന ഗവേഷണത്തിനും സർവേയ്ക്കും മറ്റും ഏറെ സമയമെടുക്കുന്നതാണ് ഇവിടത്തെ പതിവ്. ഈ സാഹചര്യത്തിൽ അടിയന്തരമായി സ്വീകരിക്കാവുന്ന ചില നടപടികളുണ്ട്. വേതന വർദ്ധന, ചികിത്സാ സഹായം, പ്രതിരോധ മാർഗങ്ങൾ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഇവയൊക്കെ നടപ്പാക്കാൻ പഠനവും ഗവേഷണവുമൊന്നും വേണ്ടതില്ല. ഇതൊന്നുമില്ലാതെ തന്നെ അധികാരികൾക്കു തീരുമാനിക്കാവുന്ന വിഷയമാണിത്. നാടും നഗരവും ശുദ്ധിയായും വൃത്തിയായും സംരക്ഷിച്ചു നിറുത്തുന്നതിൽ ഹരിതകർമ്മസേന വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ജോലിയുടെ മഹത്വമറിഞ്ഞ് ഇവരെ എല്ലാത്തരത്തിലും ചേർത്തുപിടിക്കാനും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ഉതകുന്ന ആനുകൂല്യങ്ങൾ ഇവർക്കു നൽകാൻ സാധിക്കണം.

മാലിന്യമുക്ത - നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി കുടുംബശ്രീയുടെ കീഴിൽ വരുന്ന മൂന്നുലക്ഷം വരുന്ന അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായി മാറ്റാനുള്ള പരിപാടിക്കും കുടുംബശ്രീ തുടക്കമിടുകയാണ്. ഫെബ്രുവരി 15-ന് സമ്പൂർണ ഹരിത അയൽക്കൂട്ട പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എത്രയൊക്കെ ശ്രമിച്ചിട്ടും സംസ്ഥാനത്തെ നാടും നഗരവും പൂർണമായി മാലിന്യമുക്തമാക്കാനാകുന്നില്ലെന്ന സ്ഥിതിയാണുള്ളത്. ഇതു മുന്നിൽക്കണ്ടാണ് ഹരിത അയൽക്കൂട്ടങ്ങൾക്ക് രൂപം നൽകുന്നത്. നിലവിലുള്ള മാലിന്യ സംസ്‌കരണ രീതികൾ, ഹരിത ചട്ടം പാലിക്കൽ, പൊതുസ്ഥലത്തെ ശുചീകരണ പ്രവൃത്തികൾ തുങ്ങിയവ എങ്ങനെ മെച്ചപ്പെടുത്താനാവുമെന്ന് പഠനം നടത്തും. ഓരോ അയൽക്കൂട്ടത്തിന്റെയും പ്രവർത്തനം പ്രത്യേകം പ്രത്യേകം വിലയിരുത്തിയാകും ഗ്രേഡിംഗ്. സംസ്ഥാനത്തെ മാലിന്യമുക്തമാക്കാൻ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് ജനങ്ങൾ സർവാത്മനാ പിന്തുണയും സഹകരണവും നൽകിയാൽ വലിയ വിജയം കൊയ്യാനാകും.