
കിളിമാനൂർ: കൂനിൽമേൽ കുരുവായി കിളിമാനൂർ ജംഗ്ഷനിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്‌ക്കാരം. കിളിമാനൂർ ടൗണിൽ വിവിധ സ്ഥലങ്ങളിൽ ട്രാഫിക്ക് വാർഡന്മാരെ നിയമിച്ചെങ്കിലും റോഡ് സൈഡിൽ മണിക്കൂറുകളോളമാണ് വാഹനങ്ങൾ പാർക്കുചെയ്യുന്നത്.
എന്നാൽ, വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലെങ്ങാനും വാഹനം ഒതുക്കിയാൽ പടിവീഴും.ഇത് കച്ചവടക്കാർക്ക് തിരിച്ചടിയാകും. ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം കുടുംബശ്രീയുമായി സഹകരിച്ചാണ് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ട്രാഫിക്ക് പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ഓണം മുതൽ യൂണിഫോമിൽ 4 വനിതാ വാർഡന്മാരെ നിയമിച്ചത്. നിലവിൽ കിളിമാനൂർ ജംഗ്‌ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കാരേറ്റ് റോഡിലേക്കുള്ള ജംഗ്‌ഷനിലെ ബസ് സ്റ്റോപ്പ്, പുതിയകാവ് എന്നിവിടങ്ങളിലാണ് വാർഡന്മാർ ഗതാഗതം നിയന്ത്രിക്കുന്നത്.
ധനകാര്യ സ്ഥാപനങ്ങളും ചില വ്യാപാര സ്ഥാപങ്ങളും പഞ്ചായത്തും ചേർന്നാണ് ഇവർക്കുള്ള വേതനം കണ്ടെത്തുന്നത്. പൂർണമായും നിർദ്ദിഷ്‌ട സ്ഥലങ്ങളിലെ ഗതാഗതം നിയന്ത്രിക്കുകയാണ് വാർഡന്മാരുടെ ചുമതല.
പരാതികളും
ജംഗ്ഷനിൽ ബസ് നിറുത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് ഒഴിവാക്കിയാൽത്തന്നെ പകുതി ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും. ഇതിനായി നിർദിഷ്ട സ്ഥലവും കണ്ടെത്തിയിരുന്നു. കച്ചവടസ്ഥാപനങ്ങളിൽ സാധനം വാങ്ങാൻ എത്തുന്നവരുടെ ഇരുചക്ര വാഹനങ്ങൾ,കാറുകൾ എന്നിവയെ കടകളുടെ മുന്നിൽ ചെറിയ സമയം പോലും നിറുത്താൻ അനുവദിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
അപകടങ്ങളും
വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ റോഡിലേക്ക് ഇറങ്ങി നടക്കണം. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.