kaarikkuzhi

മുടപുരം: തകർന്നുകിടക്കുന്ന മംഗലപുരം ഗ്രാമപഞ്ചായത്തിലെ കൈലാത്തുകോണം -കാരിക്കുഴി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തം. പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ടതാണ് ഈ റോഡ്. കുറക്കട-കൈലാത്തുകോണം റോഡിൽ റേഷൻകട ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് നാട്ടിലെ പ്രധാന ക്ഷേത്രങ്ങളായ കൈലാത്തുകോണം മാടൻനട ക്ഷേത്രം, കീഴതിൽ ഭദ്രകാളി ക്ഷേത്രം എന്നിവയ്ക്ക് മുന്നിലൂടെ നാഷണൽ ഹൈവേയിലെ കാരിക്കുഴി മുസ്ലിം തയ്ക്കാവിനു മുന്നിൽ എത്തും. ആറു വർഷം മുമ്പ് റേഷൻകട ജംഗ്ഷനിൽ നിന്ന് ജില്ലാ പഞ്ചായത്ത്, ആറു മീറ്റർ വീതിയിൽ കീഴതിൽ ഭദ്രകാളി ക്ഷേത്രം കഴിഞ്ഞുള്ള സ്ഥലം വരെ റോഡ് നിർമ്മിച്ചിരുന്നു. തുടർന്നുള്ള ഭാഗം അധികൃതർ മറന്ന മട്ടാണ്. കുണ്ടും കുഴികളും മഴപെയ്താൽ വെള്ളക്കെട്ടുകളും റോഡിന്റെ ഇരുഭാഗത്തുമുള്ള പുൽപ്പടർപ്പുകളും കൊണ്ട് ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കുന്നു.

 കലുങ്കും തകർന്നു

കുറക്കട -ശാസ്തവട്ടം റോഡിൽ കൈലാത്തുകോണം റേഷൻ കടയ്ക്കു സമീപം തോടിന് കുറുകെ അപകടക്കെണിയായി മാറിയ കലുങ്ക് പുതുക്കിപ്പണിയണമെന്നാണ് ആവശ്യം. അറുപത് വർഷത്തോളം പഴക്കമുള്ള ഈ കലുങ്കിന്റെ ഒരുവശത്തെ കൈവരി പൂർണമായും മറുവശത്തെ പകുതിയോളവും തകർന്നു. ബാക്കി ഭാഗം എപ്പോൾ വേണമെങ്കിലും തകരാം. കലുങ്കിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രതിഷേധം നടത്തിയിട്ടും ആരും കേട്ടമട്ടില്ല.

 സർവീസും നിലച്ചു
നേരത്തെ ഈ റോഡിലൂടെ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിറുത്തി. ചിറയിൻകീഴ്, മുടപുരം, കുറക്കട, കൈലാത്തുകോണം, ചെമ്പകമംഗലം ജംഗ്‌ഷൻ വഴി തിരുവനന്തപുരത്തേക്കായിരുന്നു ബസ് സർവീസ് ആരംഭിച്ചത്. ഈ സർവീസ് പിന്നെ നിറുത്തലാക്കി. ഇതോടെ പ്രദേശത്തെ യാത്രാക്ലേശവും വർദ്ധിച്ചു. അതിനാൽ ഈ ബസ് സർവീസ് ഉടൻ പുനഃരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.