
തിരുവനന്തപുരം: ആരോഗ്യസംരക്ഷണം, വ്യവസായം, ഗവേഷണം എന്നിവയെ സമന്വയിപ്പിച്ച് കൂടുതൽ ലൈഫ് സയൻസസ് പാർക്കുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് സയൻസ് കോൺക്ലേവായ ബയോ കണക്ടിന്റെ രണ്ടാമത് എഡിഷൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തോന്നയ്ക്കലുള്ള ബയോ 360 ലൈഫ് സയൻസസ് പാർക്കിനുപുറമേ, മറ്റു ഭാഗങ്ങളിലും സ്ഥാപിക്കും.
ബയോടെക്‌നോളജിയിലും ആരോഗ്യ പരിരക്ഷാ ഉപകരണരംഗത്തെ നൂതന ആശയങ്ങൾക്കും ഊന്നൽ നൽകുകയാണ് ലക്ഷ്യം.
നിപ വൈറസ്, കൊവിഡ്19 തുടങ്ങിയ രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും ഉൾപ്പെടെയുള്ള ആരോഗ്യ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനും കേരളം സ്വീകരിച്ച മാർഗങ്ങൾ ആരോഗ്യ സംരക്ഷണത്തിലും ബയോടെക്‌നോളജിയിലും മുന്നേറ്റത്തിനുള്ള വഴിതുറക്കൽകൂടിയായിരുന്നു. മൈക്രോബയോം, ന്യൂട്രാസ്യൂട്ടിക്കൽസ്, ജീനോം ഗവേഷണം എന്നിവയിൽ മികവിന്റെ കേന്ദ്രങ്ങൾക്കും തുടക്കമിട്ടു. ലൈഫ് സയൻസ് രംഗത്തെ ഗവേഷണത്തിലും വികസനത്തിലും ഇന്നൊവേഷൻ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് ആരോഗ്യ സംരക്ഷണത്തെ വ്യവസായവുമായി ബന്ധിപ്പിക്കും.
മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ് പ്രസംഗിച്ചു. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ.എൽ.ഐ.പി ഡയറക്ടർ ബോർഡ് അംഗങ്ങളായ സി. പത്മകുമാർ, ഡോ. സി. എൻ. രാംചന്ദ്, കെ.എസ്.ഐ.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.ഹരികൃഷ്ണൻ, കേരള ലൈഫ് സയൻസ് പാർക്ക് സി.ഇ.ഒ ഡോ. കെ.എസ്. പ്രവീൺ എന്നിവർ പ്രസംഗിച്ചു.