രണ്ടു മാസത്തിനിടെ കുടിവെള്ളം മുടങ്ങിയത് പത്തിലേറെ തവണ

തിരുവനന്തപുരം: പൈപ്പ് പൊട്ടലും അറ്റകുറ്റപ്പണികളും മൂലം രണ്ടു മാസത്തിനിടെ നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങിയത് പത്തിലേറെ തവണ. നാഗർകോവിലിലേക്കുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പൈപ്പ് പണികൾക്കായി അഞ്ച് ദിവസത്തോളം നഗരത്തിലെ വെള്ളംകുടി മുട്ടിച്ചതടക്കമാണിത്. അരുവിക്കരയിലെ വൈദ്യുതി തകരാർ,​ അരുവിക്കരയിലെയും വെള്ളയമ്പലത്തെയും ജലശുചീകരണ പ്ലാന്റുകളിലെ അറ്റകുറ്റപ്പണികൾ,​ അമ്പലമുക്കിലെ പൈപ്പ്പൊട്ടൽ,​ സ്മാർട്ട് സിറ്റി റോഡ് വികസനവുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിലും അട്ടക്കുളങ്ങര,​ വഞ്ചിയൂർ ഭാഗങ്ങളിലുമുണ്ടായ പൈപ്പ്ലൈൻ മാറ്റലും ചോർച്ചയുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 9300ഓളം ചെറുതും വലുതുമായ പൈപ്പ്പൊട്ടലും അറ്റകുറ്റപ്പണികളും നടത്തിയെന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്. അതിലേറെയും അമ്പലമുക്ക്,​ പേരൂർക്കട,​ മുട്ടട ഭാഗങ്ങളിലാണ്. സ്മാർട്ട്സിറ്റി വികസനവുമായി ബന്ധപ്പെട്ട് വെള്ളയമ്പലം ആൽത്തറ- മേട്ടുക്കട ഭാഗത്തെ പൈപ്പ് ലൈൻ മാറ്റലും ഇന്റർകണക്ഷൻ നൽകുന്നതുമായ ജോലികൾക്കിടെ മിക്കയിടത്തും ദിവസങ്ങളോളം കുടിവെള്ള വിതരണം നിലച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് പ്രശ്നത്തിന് താത്കാലിക പരിഹാരമുണ്ടായത്. 21ഓളം ഇന്റർക്കണക്ഷനുകൾ പൂർത്തിയാക്കി. എന്നിട്ടും വഴുതക്കാട്,​ മേട്ടുക്കട ഭാഗത്തെ പണികൾ പൂർത്തിയായിട്ടില്ല. പണി പൂ‌ർത്തിയായ ഭാഗത്ത് പൈപ്പ് ചോ‌രുന്നത് വീണ്ടും പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നഗരത്തിലെ ഏറക്കുറെ വാർഡുകളിലെയും കുടിവെള്ളം നിറുത്തിവച്ച് 29ന് വീണ്ടും പണി നടത്താൻ വാട്ടർ അതോറിട്ടി തീരുമാനിച്ചിരിക്കുന്നത്.

കാരണം കാലപ്പഴക്കം

നഗരത്തിലെ പ്രധാന കുടിവെള്ള ലൈനുകളിലെ പൈപ്പുകൾക്ക് 30 മുതൽ 50 വർഷം വരെ പഴക്കമുണ്ട്. കവടിയാറിൽ നിന്ന് തുടങ്ങി പട്ടം,​ മരപ്പാലം വഴി മെഡിക്കൽ കോളേജിൽ അവസാനിക്കുന്ന ലൈനിലാണ് കാലപ്പഴക്കം ചെന്ന പൈപ്പുകളേറെയും. പ്രധാന റോ‌ഡുകൾ കടന്നുപോകുന്ന ലൈനുകളായതിനാൽ പൈപ്പ് പൊട്ടിയാലുള്ള അറ്റകുറ്റപ്പണിയും ശ്രമകരമാണ്. മാത്രമല്ല റോഡ് ടാർ ചെയ്യുന്നതടക്കമുള്ള സാമ്പത്തിക ബാദ്ധ്യത വേറെയും. പൈപ്പ് പൊട്ടൽ സ്ഥിരമായതോടെ പഴയ പൈപ്പുകൾ മാറ്റാൻ ജല അതോറിട്ടി തീരുമാനിച്ചിട്ടുണ്ട്.

ബദൽ പൈപ്പ് ലൈൻ വേണം

പേപ്പാറ ഡാമിൽ നിന്ന് വെള്ളം സംഭരിച്ച് അരുവിക്കര ചെക്ക് ഡാമിലെത്തിച്ചാണ് പിന്നീട് നഗരത്തിലുടനീളം എത്തിക്കുന്നത്. ഇതിന് ബദലായി നെയ്യാർ ഡാമിൽ ശുദ്ധീകരണശാല നിർമ്മിച്ച് പുതിയ പൈപ്പ്ലൈൻ സ്ഥാപിക്കാൻ 2017ൽ നിർദ്ദേശമുയർന്നെങ്കിലും ഇപ്പോഴും ഫയലിൽത്തന്നെ തുടരുകയാണ്. പദ്ധതി നടപ്പാക്കാൻ 500 കോടി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അടുത്തിടെ നഗരത്തെയാകെ കുഴപ്പിച്ച കുടിവെള്ള പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജല അതോറിട്ടി ഉന്നതതല യോഗത്തിൽ ഈ വിഷയം വീണ്ടുമെടുത്തെങ്കിലും പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല.