തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള ബി.എസ്.എൻ.എൽ ഓഫീസ് വളപ്പിൽ കൂട്ടിയിട്ട് കത്തിച്ച ചവർകൂനയിൽ നിന്ന് തീപിടർന്ന് ഹോട്ടലുകൾക്കും ആശുപത്രികൾക്കും ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം.മൂന്ന് മണിക്കൂറോളം ആളിക്കത്തിയ തീയിൽ ഗോഡൗണിന്റെ പകുതിയോളം കത്തി. വിലകൂടിയ ഉപകരണങ്ങൾ അടക്കം കത്തിനശിച്ച് 2 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ജി.പി.ഒ ലെയ്ൻ,ടിസി 26/1960ൽ ഷെരീഫ് ഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെയർ ഫോർ അസോസിയേറ്റ് എന്ന സ്ഥാപനത്തിൽ ഇന്നലെ രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. പരിസരത്ത് മാലിന്യം കത്തിച്ചതിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നതായി ഫയർഫോഴ്സ് വ്യക്തമാക്കി. ഇതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥാപനമുടമ വഞ്ചിയൂർ പൊലീസിൽ പരാതി നൽകി. തീപടർന്ന് ബി.എസ്.എൻ.എൽ ഓഫീസിന്റെ ചുമരിൽ കരിപുരണ്ടതിന്റെയും അത് കഴുകിവൃത്തിയാക്കിയതിന്റെയും ചിത്രങ്ങളും പൊലീസിന് കൈമാറി. അതേസമയം അന്വേഷണം നടത്തിയതിന് ശേഷമേ കേസെടുക്കൂവെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു.
ഹോട്ടലുകൾക്കും കാറ്ററിംഗിനും ആവശ്യമുള്ള ഉപകരണങ്ങളും ആശുപത്രികൾക്ക് വേണ്ട ഹൈജീനിക് വസ്ത്രങ്ങളുമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്.
തൊട്ടടുത്ത കെട്ടിടത്തിൽ പ്ലാസ്റ്റിക്കും അണുനശീകരണ ലായനികളും ഉണ്ടായിരുന്നു. ഇവിടേക്കാണ് ആദ്യം തീ പടർന്നത്. ഗോഡൗണിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. തീപിടിക്കുന്നതുകണ്ട് സമീപത്തെ കടക്കാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിൽ നിന്ന് മൂന്നും ചാക്ക സ്റ്റേഷനിൽ നിന്ന് മറ്റൊരു യൂണിറ്റും ചേർന്നാണ് തീഅണച്ചത്. തിരുവനന്തപുരം സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർമാരായ ഷാജി കെ.എൻ, സുധീഷ് ചന്ദ്രൻ, അനീഷ്‌കുമാർ, സജികുമാ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.