
തിരുവനന്തപുരം: തൃശൂരിലും കോവളത്തും വച്ച് ആർ.എസ്.എസിന്റെ രണ്ട് ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ മൊഴി ആറരമണിക്കൂറെടുത്ത് പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് രേഖപ്പെടുത്തി.
പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ഇന്നലെ രാവിലെ 11.30മുതലായിരുന്നു മൊഴിയെടുപ്പ്. ഉച്ചയൂണിനു ശേഷം മൂന്നോടെ തുടങ്ങിയ മൊഴിയെടുപ്പ് രാത്രി ഏഴരയ്ക്കാണ് പൂർത്തിയായത്. ഐ.ജി സ്പർജ്ജൻകുമാറും ഡിജിപിക്കൊപ്പമുണ്ടായിരുന്നു. അൻവറിന്റെ പരാതിയിലെ മറ്റ് ആരോപണങ്ങളിൽ അജിത്തിന് പറയാനുള്ളതും രേഖപ്പെടുത്തി.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ആർ.എസ്.എസ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള അന്വേഷണം. പി.വി.അൻവർ എം.എൽ.എയുടെ പരാതിയിൽ നേരത്തേ ഒരുവട്ടം എ.ഡി.ജി.പിയുടെ മൊഴിയെടുത്തിരുന്നു. അതിൽ ആർ.എസ്.എസ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങളില്ലായിരുന്നു.തൃശൂരിൽ ആർ.എസ്.എസ് ജനറൽ
സെക്രട്ടറി ദത്താത്രേയ ഹൊസബളെയെയും കോവളത്ത് റാംമാധവിനെയുമാണ് കണ്ടത്. തൃശൂരിലെ കൂടിക്കാഴ്ച സ്വകാര്യ സന്ദർശനമെന്ന് അജിത് നേരത്തേ മുഖ്യമന്ത്രിയോട് സമ്മതിച്ചിരുന്നു. ഐ.പി.എസുകാർക്ക് രാഷ്ട്രീയ ചർച്ചകൾക്കും ഇടപെടലുകൾക്കും വിലക്കുണ്ട്. ഔദ്യോഗികപദവി ദുരുപയോഗിച്ചും പെരുമാറ്റച്ചട്ടം മറികടന്നുമാണ് കൂടിക്കാഴ്ചയെന്ന് കണ്ടെത്തിയാൽ അജിത്തിനെതിരേ നടപടിയുണ്ടാവും.
കൂടിക്കാഴ്ചകൾക്ക് ഇടനിലക്കാരനായ ആർ.എസ്.എസ് നേതാവ് കൈമനം ജയകുമാറിന് പൊലീസ് നോട്ടീസയച്ചിരുന്നു. കോവളത്ത് ഒപ്പമുണ്ടായിരുന്നെന്ന് സംശയിക്കുന്ന മുഖ്യമന്ത്രിയുടെ ബന്ധു, വഞ്ചനാ കേസുകളിൽ പ്രതിയായ വ്യവസായി എന്നിവരുടെയും മൊഴിയെടുക്കും.