
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന ക്രൈംബ്രാഞ്ചും എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ വീഴ്ചകൾ ഡിജിപി തലത്തിലും അന്വേഷിക്കണമെന്ന ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ റിപ്പോർട്ടിൽ അടയിരുന്ന് സർക്കാർ. അന്വേഷണൾക്കായി ഇതുവരെ ഉത്തരവിറക്കിയിട്ടില്ല.
അജിത്തിന്റെ 5വീഴ്ചകൾ അക്കമിട്ടു നിരത്തിയ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. മുഖ്യമന്ത്രി ഡൽഹിയിലായതാണ് ഉത്തരവ് വൈകാൻ കാരണമായി പറയുന്നത്. ഡൽഹിയിൽ നിന്ന് 30ന് കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി, കൊച്ചിയിലെയും കൊട്ടാരക്കരയിലെയും പരിപാടികൾക്ക് ശേഷം ഒക്ടോബർ മൂന്നിനേ തലസ്ഥാനത്ത് തിരിച്ചെത്തൂ. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ ഓൺലൈനായി ഉത്തരവിടാൻ മുഖ്യമന്ത്രിക്ക് കഴിയും. പൂരം അലങ്കോലമായതിൽ തൃശൂർ കമ്മിഷണറായിരുന്ന അങ്കിത് അശോകനെ മാത്രം കുറ്റപ്പെടുത്തിയും സ്വയവും ഐ.ജി., ഡി.ഐ.ജി. എന്നിവരെയും വെള്ളപൂശിയുമുള്ള അജിത്തിന്റെ റിപ്പോർട്ട് ഡി.ജി.പിയും ആഭ്യന്തര സെക്രട്ടറിയും തള്ളിയിരുന്നു. അജിത്തിന്റെ വീഴ്ചകൾ പൊലീസ് മേധാവി കണ്ടെത്തിയിട്ടും അതിന്മേൽ മറ്റൊരു അന്വേഷണത്തിന് ശുപാർശ ചെയ്തതും അസാധാരണമാണ്. മേൽനോട്ട ചുമതലയിലടക്കം അജിത്തിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഡി.ജി.പി സർക്കാരിനെ അറിയിച്ചിട്ടുള്ളത്.