തിരുവനന്തപുരം/ ഉള്ളൂർ: പ്രിൻസിപ്പലിന്റെ സർക്കുലർ ലംഘിച്ച് മെഡിക്കൽ കോളേജ് കാത്ത് ലാബ് കോംപ്ലക്സിനുള്ളിൽ കാർഡിയോളജി വിഭാഗത്തിന്റെ ഓണാഘോഷം. ഓണസദ്യയ്ക്ക് പിന്നാലെ ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി. സംഭവം പുറത്തായതോടെ പ്രിൻസിപ്പൽ ഡോ.ലിനറ്റ് മോറിസ് അടിയന്തരമായി പരിപാടി നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ചു. ഓണാഘോഷം നടന്നെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ചൂണ്ടിക്കാട്ടി കാർഡിയോളജി വിഭാഗം മേധാവി ഡോ.ശിവപ്രസാദ് രംഗത്തെത്തിയിരുന്നു. എന്നാൽ ഡോ.ശിവപ്രസാദ് ഓപ്പറേഷൻ തിയറ്ററിലിടുന്ന യൂണിഫോമിലിരുന്ന് സദ്യകഴിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ഇന്നലെ ഉച്ചയ്ക്ക് കാത്ത് ലാബിന്റെ ഇടനാഴിയിലായിരുന്നു ഓണസദ്യ. വൈകിട്ട് 3ന് സമീപത്തെ സെമിനാർ ഹാളിൽ കലാപരിപാടികളും സംഘടിപ്പിച്ചു. പുറത്തുനിന്ന് ലൈറ്രും മൈക്കും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എത്തിച്ചിരുന്നു. കാത്ത് ലാബ് കോംപ്ലക്സിൽ ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും മാത്രമാണ് പ്രവേശനം. ഇവിടെയാണ് വിഭാഗത്തിലെ നൂറോളം ജീവനക്കാർ ഒന്നിച്ചുകൂടിയത്. ആശുപത്രിയ്ക്കുള്ളിൽ ഓണാഘോഷം പാടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ആഗസ്റ്റ് 30ന് വകുപ്പ് മേധാവികൾക്കുൾപ്പെടെ സർക്കുലർ നൽകിയിരുന്നു. ഇന്നലെ പരിപാടി പുരോഗമിക്കുന്നതിനിടെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് പ്രിൻസിപ്പലും മറ്റ് അധികൃതരും ആഘോഷത്തെ കുറിച്ച് അറിയുന്നത്. ഇക്കാര്യത്തിൽ പ്രിൻസിപ്പൽ അന്വേഷണം തുടങ്ങവെ ഡോ.ശിവപ്രസാദ് വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് പ്രിൻസിപ്പൽ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പരിപാടി നടന്നത് കാത്ത് ലാബിലോ പേഷ്യന്റ് കെയർ ഏരിയയുടെ സമീപത്തോ അല്ലെന്നും
ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലാർ ടെക്നോളജി വിദ്യാർത്ഥികൾ സെമിനാർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഡോ.ശിവപ്രസാദ് പറഞ്ഞു. കാത്ത് ലാബിൽ ഇന്നലെ 13 ശസ്ത്രക്രിയകൾ നടന്നു. ഇതിനിടയിലാണ് ഓണാഘോഷം നടന്നുവെന്ന വ്യാജവാർത്ത വന്നിരിക്കുന്നത്. ബി.സി.വി.ടി വിദ്യാർത്ഥികളുടെ അഡ്മിഷൻ എല്ലാ വർഷവും ഈ സമയത്താണ് നടക്കാറുള്ളത്. സെമിനാർ ഹാളിൽ നടന്ന പരിപാടിയെ കാത്ത് ലാബിലാണെന്ന തരത്തിൽ വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണ പരത്താനാണെന്നും ഡോ.ശിവപ്രസാദ് പറഞ്ഞു.