തിരുവനന്തപുരം: ഓവർ ബ്രിഡ്ജിൽ നിന്ന് തമ്പാനൂരിലേക്ക് വരുന്ന ഭാഗത്ത് റോഡിൽ വൻ കുഴി രൂപപ്പെട്ടിട്ട് ആഴ്ച രണ്ടായി. തമ്പാനൂരിൽ നിന്ന് മാഞ്ഞാലികുളം റോഡ് തിരിയുന്ന ഭാഗത്ത് മാൻഹോളിനോട് ചേർന്നാണ് കുഴി. മാൻഹോളിന്റെ സ്ലാബ് കിടക്കുന്നതിനാൽ പെട്ടന്നാരും കുഴികാണില്ല. മിക്കവാഹനങ്ങളും ഈ കുഴിയിൽ വീഴും. മാഞ്ഞാലികുളം,എസ്.എസ് കോവിൽ എന്നീ റോഡിലേക്ക് പ്രവേശിക്കാൻ വരുന്നവർ ഒഴികെ വേഗതയിലാണ് എല്ലാവരുടെയും യാത്ര. സിഗ്നൽ ശ്രദ്ധിച്ചുവരുന്ന വാഹനങ്ങൾ വലിയശബ്ദത്തോടെയാണ് കുഴിയിൽ വീഴുന്നത്. ചിലപ്പോൾ അപകടങ്ങളും സംഭവിക്കും. ദിവസംകഴിയും തോറും കുഴിയുടെ ആഴവും കൂടുകയാണ്.
റോഡിന് കുറുകെ വാരിക്കുഴി
തമ്പാനൂർ പോസ്റ്റോഫീസിന് മുന്നിലെ റോഡിന് കുറുകെ സി.സി.ടിവി ക്യാമറ സ്ഥാപിക്കുന്നതിനുവേണ്ടി കുഴിച്ച സ്ഥലം ഇപ്പോൾ വാരിക്കുഴിക്ക് സമാനം. മാസങ്ങൾക്ക് മുമ്പാണ് കേബിളിടാനായി റോഡിന് കുറുകെ കുഴിയെടുത്തത്. താത്കാലികമായി കോൺക്രീറ്റിട്ട് മൂടിയെങ്കിലും ആളെ വീഴ്ത്താൻ ഈ കുഴി ധാരാളം. മാഞ്ഞാലികുളം എസ്.എസ് കോവിൽ റോഡിൽ നിന്നുവരുന്ന ഇരുചക്രവാഹനങ്ങളാണ് കൂടുതലായും ഈ കുഴിയിൽ വീഴുന്നത്. പലപ്പോഴും വാഹനങ്ങൾ ഉള്ളിൽ വീണ് പ്രയാസപ്പെട്ട് എടുക്കേണ്ട സ്ഥിതി. എത്രയും പെട്ടന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കുഴിയിൽ വീഴാതിരിക്കാനായി പൊന്നറ ശ്രീധർ പാർക്ക് വഴി ചുറ്റിയും പോകുന്നവരുണ്ട്.