
ഇന്ത്യയുടെ നിയമവ്യവസ്ഥയ്ക്ക് പ്രസക്തമായ ഒട്ടേറെ ഗുണങ്ങളുണ്ടെങ്കിലും നീതി ലഭിക്കാൻ വിവിധ കോടതികളിലൂടെ വർഷങ്ങൾ നീണ്ട വ്യവഹാരം വേണ്ടിവരുന്നു എന്ന വലിയ ഒരു പോരായ്മയുണ്ട്. അതിനാൽ തീവ്രവാദ കുറ്റങ്ങൾ ഒഴികെയുള്ള മറ്റു കേസുകളിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ടത് അനിവാര്യമായ സംഗതിയാണ്. അതുപോലെ തന്നെ വിചാരണത്തടവുകാരനായി ഒരാളെ ദീർഘകാലം ജയിലിൽ പാർപ്പിക്കുന്നതും മനുഷ്യാവകാശ വിരുദ്ധമാണ്. പരിഷ്കൃത സമൂഹത്തിൽ ഇത് അനുവദിക്കാൻ പാടുള്ളതല്ല. പ്രതിയുടേതല്ലാത്ത പല കാരണങ്ങൾ കൊണ്ടാവും പലപ്പോഴും വിചാരണകൾ വൈകുന്നത്. സർക്കാർ വക്കീലന്മാരുടെ ഭാഗത്തുനിന്നുള്ള അലംഭാവം, സാക്ഷികൾ വിചാരണയ്ക്ക് ഹാജരാവാതിരിക്കുക, തെളിവുകൾ ശേഖരിക്കുന്നതിലും സമർപ്പിക്കുന്നതിലുമുള്ള കാലവിളംബം തുടങ്ങി പല കാരണങ്ങളാൽ കേസുകൾ അനന്തമായി നീണ്ടുപോകാം.
തെളിവെടുപ്പും പൊലീസ് കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യലും മറ്റ് നടപടിക്രമങ്ങളും പൂർത്തിയായിക്കഴിഞ്ഞാൽ കേസ് തീരുന്നതുവരെ വിചാരണ തുടങ്ങിയില്ല എന്ന കാരണത്താൽ ഒരു വ്യക്തിയെ ജയിലിൽ പാർപ്പിക്കുന്നത് ശരിയല്ലെന്ന് നിയമവിദഗ്ദ്ധർ പല തവണ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. ദീർഘനാളത്തെ വിചാരണത്തടവിനു ശേഷം കുറ്റവിമുക്തനെന്ന് കോടതി കണ്ടെത്തിയാൽ അത്രയും നാളും അയാളുടെ വ്യക്തിസ്വാതന്ത്ര്യം തടഞ്ഞതിന് ഒരു വിശദീകരണവും ആരും നൽകാറില്ല. ഇങ്ങനെ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞതിനു ശേഷം നിരപരാധിയെന്ന് കോടതി വിധിക്കുന്നയാൾക്ക് നിലവിൽ യാതൊരു നഷ്ടപരിഹാരവും ആരും നൽകാറില്ല. ജയിലിൽ കഴിഞ്ഞതിന് സ്വന്തം വിധിയെ പഴിക്കാനേ ഇപ്പോൾ നിർവാഹമുള്ളൂ. ഇതിൽ ഒരു മാറ്റം വരണമെന്നും ഇങ്ങനെ പുറത്തിറങ്ങുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു.
അന്വേഷണത്തിന്റെ പിഴവുകൊണ്ടോ സാക്ഷികൾ കൂറുമാറിയതുകൊണ്ടോ അല്ലാതെ, നിരപരാധിത്വം വ്യക്തമായ ശേഷം മോചിതരാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് ഭരണഘടനാ കോടതികൾ പരിഗണിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് എ.എസ്. ഓക അദ്ധ്യക്ഷനായ ബെഞ്ചാണ് നിരീക്ഷിച്ചത്. ഗതാഗത വകുപ്പിൽ ജോലി നൽകാൻ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. വിചാരണയിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് ബാലാജിക്ക് ജാമ്യം അനുവദിച്ചതും. വിചാരണയിലെ കാലതാമസം കാരണം ഇന്ത്യയിലെ വിവിധ ജയിലുകളിൽ കഴിയുന്നവരെക്കുറിച്ച് സുപ്രീംകോടതി ഒരു അന്വേഷണം തന്നെ നടത്തേണ്ടതാണ്. വർഷങ്ങളായി ഇങ്ങനെ കഴിയുന്നവരുണ്ടെങ്കിൽ അവരെ മോചിപ്പിക്കാനും നടപടിയുണ്ടാകണം.