
തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികൾക്കുള്ള പാചകമത്സരത്തിന് നിശ്ചയിച്ച സമ്മാനത്തുക നാണക്കേടായെന്ന് ആക്ഷേപം.
സബ്‌ജില്ലാ തലത്തിൽ ഒന്നാംസമ്മാനമായി 1000 രൂപയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടും മൂന്നും സ്ഥാനക്കാർക്ക് 750, 500 രൂപ വീതം ലഭിക്കും. ജില്ലാതലത്തിൽ അല്പം ഭേദമാണ്. ഒന്നാംസമ്മാനം 3500 രൂപ! രണ്ടാംസമ്മാനം 2500, മൂന്നാംസമ്മാനം 1500. തിരഞ്ഞെടുക്കപ്പെടുന്ന വിഭവങ്ങൾ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തും.
പച്ചക്കറികൾ, പാത്രങ്ങൾ, പയർവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ, കറിപൗഡറുകൾ തുടങ്ങിയവ മത്സരാർത്ഥികൾ സ്വന്തം ചെലവിൽ എത്തിക്കേണ്ടതാണ്. ഗ്യാസ് സ്‌റ്റവ് \ ഇൻഡക്ഷൻ സ്‌റ്റൗവ് എന്നിവ കൊണ്ടുവരുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു. സ്റ്റവ് കൊണ്ടുവരാൻ സാധിക്കാത്തപക്ഷം ഉപജില്ലാതലത്തിൽ സംഘാടക സമിതിയേയോ ജില്ലാതലത്തിൽ ഡി.ഡി.ഇ ഓഫീസിനെയോ മുൻകൂട്ടി അറിയിച്ചാൽ അവർ സംവിധാനമൊരുക്കും.
സബ്‌ജില്ലാ തലത്തിൽ 200 രൂപയും ജില്ലാതലത്തിൽ 300 രൂപയും യാത്രാപ്പടി നൽകും. പാചകമത്സരത്തിൽ പോഷകസമ്പുഷ്‌ടവും രുചികരവുമായ ഒരു പച്ചക്കറി വിഭവമാണ് തയാറാക്കേണ്ടത്. ഒരുമണിക്കൂറിനുള്ളിൽ വിഭവം തയ്യാറാക്കണം, വിഭവം മത്സരാർത്ഥിക്ക് തീരുമാനിക്കാം. ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 31 നകം പൂർത്തിയാക്കണം.
വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, അദ്ധ്യാപകർ, പൊതുസമൂഹം എന്നിവരുടെ സജീവപങ്കാളിത്തത്തോടെ ജനകീയ പരിപാടിയായി മത്സരങ്ങൾ സംഘടിപ്പിക്കണം. ക്യാഷ് പ്രൈസിനും മത്സരം സംഘടിപ്പിക്കുന്നതിനുമായി ഓരോ ഉപജില്ലയ്ക്കും ജില്ലയ്ക്കുമായി മാനേജ്മെന്റ്, മോണിറ്ററിംഗ് ആൻഡ് ഇവാല്യുവേഷൻ ഫണ്ടിൽനിന്ന് നിശ്ചിതതുക അനുവദിക്കും. പാചകവിദഗ്ധൻ, ന്യൂട്രീഷൻ വിദഗ്ധൻ എന്നിവർക്ക് റെമ്യൂണറേഷൻ നൽകുന്നതിനായി അയ്യായിരം രൂപ വരെ ചെലവഴിക്കാം. കുട്ടികളിൽനിന്നോ പാചകത്തൊഴിലാളികളിൽനിന്നോ പിരിവ് പാടില്ലെന്നും സർക്കുലറിൽ പറയുന്നു.
സംസ്ഥാന സ്പെഷ്യൽ സ്കൂൾ
കലോത്സവം 3 മുതൽ
കണ്ണൂർ: ഇരുപത്തിയഞ്ചാമത് സ്പെഷ്യൽ സ്കൂൾ കലോത്സവം 3,4,5 തീയതികളിൽ കണ്ണൂരിൽ നടക്കും. സർക്കാർ,എയ്ഡഡ്,അൺ എയ്ഡഡ് മേഖലകളിലുള്ള വിവിധ സ്കൂളുകളിൽ നിന്നായി 1600ഓളം കുട്ടികൾ മൂന്നു വിഭാഗങ്ങളിലായി പങ്കെടുക്കും. മുൻസിപ്പൽ സ്കൂൾ കണ്ണൂർ,തളാപ്പ് മിക്സഡ് യു.പി സ്കൂൾ എന്നിവിടങ്ങളിലായി എട്ട് വേദികളാണുള്ളത്. കുട്ടികൾക്കുള്ള ഭക്ഷണം പ്രധാന വേദിയായ മുനിസിപ്പൽ സ്കൂളിലായിരിക്കും.
ഒന്നാം ദിവസം മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കും രണ്ടും മൂന്നും ദിവസങ്ങളിലായി കാഴ്ച,കേൾവി പരിമിതികളുള്ള കുട്ടികൾക്കുമാണ് മത്സരം. മാനസിക വെല്ലുവിളികൾ നേരിടുന്ന വിഭാഗങ്ങൾക്ക് ജില്ലാ അടിസ്ഥാനത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നൽകും. മൂന്നു വിഭാഗത്തിനും ലഭിക്കുന്ന ആകെ ഗ്രേഡ് പോയിന്റ് പരിഗണിച്ച് മികച്ച ജില്ലയെ കണ്ടെത്തി സ്വർണ കപ്പ് നൽകും.
പ്രത്യേക മത്സരം
2018ൽ നിലവിൽ വന്ന സ്പെഷ്യൽ സ്കൂൾ കലോത്സവ മാന്വൽ അനുസരിച്ചാണ് കലാമേള സംഘടിപ്പിക്കുന്നത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഒൻപത് ഇനങ്ങളും കേൾവി പരിമിതിയുള്ള കുട്ടികൾക്കായി 15 ഇനങ്ങളും കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി 19 ഇനങ്ങളുമാണ് കലോത്സവത്തിലുണ്ടാകുക.