
കിളിമാനൂർ: ബി.എം.എസ് അംഗങ്ങളും പ്രവർത്തകരുമായ ഓട്ടോ തൊഴിലാളികളോട് കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ മോശമായി പെരുമാറുന്നുവെന്നാരോപിച്ച് ബി.എം.എസ് അംഗങ്ങളും ബി.ജെ.പി പ്രവർത്തകരും കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച മാർച്ച് ടൗൺ ചുറ്റി സ്റ്റേഷന് മുന്നിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. ബി.ജെ.പി നേതാവും ദേശീയ കൗൺസിൽ അംഗവുമായ സി.കെ.പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗവുമായ വി.മുരളീധരൻ,ബി.എം.എസ് മേഖല പ്രസിഡന്റ് ചെമ്പകശ്ശേരി ബിനു,മേഖലാ സെക്രട്ടറി ഷിനു,ജില്ലാ സെക്രട്ടറി ഇ.വി.ആനന്ദ്,ജില്ലാ പ്രസിഡന്റ് ടി.രാഖേഷ് തുടങ്ങിയവർ പങ്കെടുത്തു.