
ആറ്റിങ്ങൽ: വഴിവാണിഭങ്ങളും വഴിയോരച്ചന്തകളും സജീവമായതോടെ അവഗണനയുടെ നേർക്കാഴ്ചയായി മാറി കച്ചേരി ജംഗ്ഷനിലെ ആറ്റിങ്ങൽ നഗരസഭാ മത്സ്യമാർക്കറ്റ്. വിശാലമായ മാർക്കറ്റിന്റെ നവീകരണത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിക്കുമെന്ന് നഗരസഭയുടെ ബഡ്ജറ്റ് വാഗ്ദാനങ്ങൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയമട്ടാണ്. പഴയകാലത്ത് ചന്ത പ്രസിദ്ധമായതിനാൽ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും നൂറ് കണക്കിനാളുകൾ ദിനംപ്രതി ഇവിടേക്ക് വന്നുപോയിരുന്നു. പിന്നീട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് പിന്നിലായി സ്വകാര്യമാർക്കറ്റ് വന്നതോടെയാണ് കച്ചേരിനടയിലെ നഗരസഭാ മാർക്കറ്റ് തകർച്ച നേരിട്ട് തുടങ്ങിയത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും മത്സ്യ വില്പനയ്ക്കായി ഷെൽട്ടറുകൾ നിർമ്മിക്കാനും ലക്ഷങ്ങൾ ചെലവഴിച്ച മത്സ്യ സ്റ്റാളുകൾ ഇന്ന് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറി. ഇരുപതോളം തെരുവ് നായ്ക്കളാണ് ഏത് സമയവും ഇവിടെ ചുറ്റിത്തിരിയുന്നത്.
നിർമ്മാണത്തിലെ പിഴവ്
നാളുകൾ ചെല്ലുംതോറും മാർക്കറ്റ് പരിസരങ്ങൾ വരുന്നവരുടെ സ്വകാര്യ വാഹനപാർക്കിംഗ് കേന്ദ്രമായി മാറുകയാണ്. നിർമ്മാണം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം മാത്രമാണ് മാർക്കറ്റ് പ്രവർത്തിക്കാനായത്. പിന്നീട് ഒഴിഞ്ഞ് കിടക്കുന്ന സ്റ്റാളുകളിൽ കശാപ്പിന് കൊണ്ടുവരുന്ന കന്നുകാലികളെ കെട്ടിയിടാൻ തുടങ്ങി. എന്നാൽ മത്സ്യ സ്റ്റാളുകളുടെ നിർമ്മാണത്തിലുണ്ടായ പിഴവ് കാരണമാണ് മത്സ്യ വില്പനക്കാർ പിന്മാറിയതെന്ന് നാട്ടുകാർ പറയുന്നു. ടൗണിൽ പലയിടങ്ങളിലും വഴിയോരക്കച്ചവടവും വഴിവാണിഭവും അനധികൃത ചന്തകളും വന്നതോടെ കച്ചേരി നടയിലെ മാർക്കറ്റിന്റെ പ്രസക്തി തന്നെ ഇല്ലാതെയായി.
11 വർഷം മുമ്പാണ് 12 ലക്ഷം രൂപ ചെലവഴിച്ച് മത്സ്യസ്റ്റാൾ നിർമ്മിച്ചത്